
മീററ്റ്: ഡല്ഹിയില് തീവ്രവാദി ആക്രമണത്തിന് ഭീകരര് പദ്ധതിയിടുന്നതായി പോലീസിന് മുന്നറിയിപ്പ്. മീററ്റ് പോലീസ് സ്റ്റേഷനില് ഒരു യാചകന് മുഖേന എത്തിച്ച കത്തിലാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങുന്ന കത്ത് ഒരു അജ്ഞാതന് തനിക്ക് നല്കുകയായിരുന്നെന്ന് ഈ യാചകന് പോലീസിനോട് പറഞ്ഞു. പത്ത് രൂപ നല്കിയാണ് തന്റെ കൈവശം കത്ത് കൈമാറിയതെന്നും ഇയാള് പറയുന്നു.
പോലീസില് എത്തിക്കണമെന്ന് പറഞ്ഞാണ് കത്ത് നല്കിയതെന്നും ഈ യാചകന് അവകാശപ്പെടുന്നു. കത്ത് നല്കിയ ഉടന് അജ്ഞാതന് ബൈക്കില് കയറി പോയെന്നും യാചകന് കൂട്ടിച്ചേര്ത്തു. കത്ത് കൈമാറിയ അജ്ഞാതനായി പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ഭീഷണി സന്ദേശം അടങ്ങിയ മറ്റൊരു കത്ത് കൂടി പോലീസിന് ലഭിച്ചതായി റിപ്പോര്ട്ടുകളുണ്ട്.
ഇത് ആദ്യമായല്ല മീററ്റ് പോലീസിന് തീവ്രവാദ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് ഉള്ക്കൊള്ളുന്ന കത്ത് ലഭിക്കുന്നത്. നേരത്തെ മീററ്റ് ജില്ലാ മജിസ്ട്രേറ്റ് ബി. ചന്ദ്രലേഖയ്ക്കും സമാനമായ ഒരു കത്ത് ലഭിച്ചിരുന്നു. കളക്ടറേറ്റ് ബോംബ് വച്ച് തകര്ക്കുമെന്നായിരുന്നു കത്തിലെ ഭീഷണി.







Comments