ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച ന്യുയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് ന്യുയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം.
ഇന്ത്യയുടെ വിശ്വസനീയമായ ജനാധിപത്യ വ്യവസ്ഥയെ സംശയിക്കുന്ന പത്രത്തിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്ലെ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യക്രമത്തെ സംശയത്തോടെ കാണുന്ന നിലപാട് എവിടെയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ബഗ്ലെ കൂട്ടിച്ചേര്‍ത്തു.
തീപ്പൊരി ഹിന്ദു പുരോഹിതനെന്നാണ് യോഗി ആദിത്യനാഥിനെ പത്രം വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മതന്യുനപക്ഷങ്ങള്ക്കുള്ള താക്കീതാണെന്നും പത്രം വിമര്‍ശിച്ചിരുന്നു.






