
ധര്‍മ്മശാല: ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് 87 റണ്‍സിന്റെ അകലം. 106 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 19 റണ്‍സ് എടുത്തിട്ടുണ്ട്. 13 റണ്‍സുമായി രാഹുലും, ആറു റണ്‍സുമായി മുരളി വിജയിയുമാണ് ക്രീസില്‍.
32 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ഓസീസ് 137 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവ്, ആര്. ആശ്വിന്, രവീന്ദ്ര ജഡേജ എന്നിവരാണ് ഒസീസ് നിരയെ തകര്‍ത്തത്.
45 റണ്‍സ് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്വെല്ലിനൊഴികെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ ബാറ്റിങ്ങില്‍ പിടിച്ചുനില്‍ക്കാനായില്ല. 25 റണ്‍സോടെ മാത്യൂ വെയ്ഡ് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (6), മാറ്റ് റെന്ഷ്വോ (8), സ്റ്റീവ് സ്മിത്ത് (17), പീറ്റര്‍ ഹാന്‍ഡ്സ്കോം (18), ഷോണ്‍ മാര്‍ഷ് (1), തുടങ്ങിയ മുന്‍നിരക്കാരെല്ലാം ഓസീസ് നിരയില്‍ പരാജയപ്പെട്ട കാഴചയാണ് കാണാന്‍ സാധിച്ചത്.
മുന്നാം ദിനം ആറു വിക്കറ്റിന് 248 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യ 332 റണ്‍സിന് പുറത്താകുകയായിരുന്നു. വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടിത്തുയര്ത്തിയത്. ഓസീസിനുവേണ്ടി സ്പിന്നര്‍ നഥാന്‍ ലയണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴത്തി.




