
ശ്രീനഗര്‍: ശ്രീനഗറിലെ നോവാട്ടയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരില്‍ സിആര്‍പിഎഫ് ജവാന്മാരും പോലീസ് സേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു പോലീസ് സംഘത്തിന് നേരെ തിവ്രവാദികള്‍ ആക്രമണം നടത്തിയത്. ഡ്യൂട്ടികഴിഞ്ഞ് പോവുകയായിരുന്ന സംഘത്തിന് നേരെ സംഘം ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റവരെ എസ്.എം.എച്ച്.എസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ നടത്തിവരുകയാണ് പോലീസ്.






