ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് കേസ് നടത്തിപ്പിന് ഖജനാവില്‍ നിന്നും പണം നല്‍കാനുള്ള തീരുമാനത്തെ പ്രതിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. മുതിര്‍ന്ന അഭിഭാഷകന് രാംജെഠ്മലാനിയാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരാകുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസിലാണ് രാംജെഠ്മലാനി ഹാജരാകുന്നത്.
അതേസമയം വക്കീല്‍ ഫീസിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് വോട്ടിംഗ് മെഷീനിലെ കൃത്രിമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നുണ്ടായ കേസായതിനാല്‍ വക്കീല്‍ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ നല്കുന്നതില് തെറ്റില്ലെന്ന് സിസോദിയ പറഞ്ഞു.
കെജ്രവാളിനെതിരായ മാനനഷ്ടക്കേസില്‍ മൂന്ന് കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ അനില്‍ ബിജ്ബാലിനെ സമീപിച്ചിരുന്നു.






