
പുഴയിലെ മാലിന്യം നീക്കം ചെയ്ത് നാടിന് മാതൃക കാട്ടുന്ന പിറവത്തെ ഒരുകൂട്ടം പരിസ്ഥിതി സ്നേഹികളുടെ പ്രവര്ത്തനങ്ങളെക്കുറിച്ച്്...
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി
ഇത് നിന്റെ (എന്റെയും)ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തില്‍നിന്നേ കുറിച്ച ഗീതം
പ്രകൃതിയുടെ മേല്‍ കൈകടത്തുന്നതുമൂലം മനുഷ്യന് അവനു തന്നെ ശവക്കുഴി തോണ്ടുകയാണ്. ഭൂമിക്ക് കുളിര്മയേകുന്ന വയലുകളും തോടുകളും ഇല്ലാതെയായി, നദികള്‍ വറ്റിവരളുന്നു. പുഴകളോ മാലിന്യകൂമ്പാരമായി. നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പലരും മുന്നോട്ട് വന്നിട്ടുണ്ട്.
കൂട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ പിറവത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടേത്.
ഇരുപത്തിയാറോളം കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്ന മുവ്വാറ്റുപുഴയാറിനെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമത്തിലാണ് പിറവം വലിയ പള്ളി യൂത്ത് അസ്സോസിയേഷന് അംഗങ്ങളും സേവ് പിറവം പുഴ കൂട്ടായ്മയിലെ പ്രവര്‍ത്തകരും. പല ഘട്ടങ്ങളിലൂടെ പുഴയിലെ മാലിന്യം നീക്കം ചെയ്തുകൊണ്ട് ഇവര്‍ നാടിന് മാതൃകയാകുന്നു.
മൂവാറ്റുപുഴയാറിനായ്
സേവ് പിറവം പുഴ എന്ന കൂട്ടായ്മയുടെയും പിറവം വലിയ പള്ളി യൂത്ത് അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴിയായ പിറവം പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
കോരുവലകള്‍ ഉപയോഗിച്ച് എഴ് വള്ളങ്ങളിലാണ് പ്രവര്‍ത്തകര്‍ പുഴയിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിലാണ് ആദ്യമായി പുഴയിലെ മാലിന്യം നീക്കം ചെയ്യാനായി പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.
പിറവം നഗരസഭാ കൗണ്‍സിലര്‍ ജിന്‍സ് പെരിയപ്പുറം നേതൃത്വം നല്കിയ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ റെജി പി.വര്‍ഗീസ്, ജോമോന് പടവെട്ടില്‍,ജെയിംസ് ഓണശ്ശേരി,ട്വിങ്കിള്‍ വെള്ളുക്കാട്ടില്‍,ബേസില്‍ എന്നിവരടക്കം മുപ്പതോളം പേര് പങ്കാളികളായി.
കൂട്ടായ്മയുടെ വിജയം
ഈ കൂട്ടായ്മയിലെ പല അംഗങ്ങളും എന്നും രാവിലെ പുഴയില്‍ നീന്തുന്നവരാണ്. പുഴയിലെ മാലിന്യം എത്രത്തോളമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. രാത്രി 12 മണിക്ക് ശേഷമാണ് മാലിന്യങ്ങള്‍ ഇടുന്നത്.
മൂവാറ്റുപുഴയാര്‍ കിഴക്കോട്ട് ഒഴുകുന്ന പ്രദേശങ്ങളിലാണ് മാലിന്യം അടിഞ്ഞു കൂടുന്നത്്. മംഗളം പ്രാദേശിക ലേഖകനായ റെജി പി.വര്‍ഗീസ് പറഞ്ഞു. ഞായാറാഴ്ചകളിലാണ് മാലിന്യങ്ങള്‍ കൂടുതലായി പുഴയിലേക്കൊഴുക്കുന്നത്.
കക്കൂസ് മാലിന്യം, അറവുശാലയിലെ മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയടക്കമുള്ള മാലിന്യങ്ങള്‍ പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുകയാണ്.
മൂവാറ്റുപുഴയാര്‍ ഏറ്റവും സമൃദ്ധമായൊഴുകുന്നത് പിറവം ഭാഗത്താണ്. പിറവത്തിനടുത്തുള്ള നെച്ചൂര്‍ പാലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യമിടുന്നത്.
തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജനറം പദ്ധതിയുടെ പമ്പിങ് സ്റ്റേഷനും പാഴൂര്‍ മണപ്പുറത്തിനും സമീപത്തുനിന്നാണ് ഇത്തവണമാലിന്യം നീക്കം ചെയ്തത്.
കുറച്ചുപേര്‍ മാത്രം ശ്രമിച്ചാല്‍ പുഴ വൃത്തിയാകില്ല. ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇനി ഞങ്ങള്‍ തന്നെ രാത്രി കാവല്‍ നിന്ന് മാലിന്യമിടുന്നവരെ പിടികൂടാന്‍ ശ്രമിക്കുകയാണ്.
എപ്പോഴും മാലിന്യങ്ങള്‍ വാരിമാറ്റുന്നത് പ്രായോഗികമല്ല. കഴിഞ്ഞ തവണ നീക്കം ചെയ്ത മാലിന്യങ്ങള്‍ ശുചിത്വ മിഷന് കൈമാറാന്‍ ശ്രമിച്ചെങ്കിലും റീസൈക്കിള്‍ ചെയ്തെടുക്കാനുള്ള ഗുണനിലവാരമില്ലാത്തതിനാല്‍ അവ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലല്ല. യൂത്ത് അസോസിയേഷന് പ്രവര്‍ത്തകനായ ബേസില്‍ പറഞ്ഞു.
പ്ലാസ്റ്റിക് രഹിത നഗരസഭ
പരിസ്ഥിതിക്കനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടേത്. നഗരസഭയുടെ കീഴിലുള്ള പ്രദേശത്ത് നിന്ന് ഇത്രയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞതിനെ ചരിത്ര നേട്ടം എന്നുതന്നെ വിശേഷിപ്പിക്കണം.
മദ്യപിച്ചതിനുശേഷം വലിച്ചെറിയുന്ന കുപ്പികളുടെ എണ്ണം വളരെ കൂടുതലാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പാശ്ചാത്ത്യ സംസ്ക്കാരമാണ് നമ്മള് അനുകരിക്കുന്നത്. പക്ഷേ മറ്റുനാടുകളില്‍ ഈ സംസ്ക്കാരത്തിന് മാറ്റം വന്നത് അറിയുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ ഒകേ്ടാബര്‍ രണ്ട് മുതല്‍ നഗരസഭയുടെ കീഴില്‍ പ്ലാസ്റ്റിക് നിരോധിച്ചു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കാണ് നിരോധിക്കേണ്ടത്.
ഇവിടെ മൈക്രോണ്‍ വ്യത്യാസമില്ലാതെ പ്ലാസ്റ്റിക് നിരോധിച്ചുകഴിഞ്ഞു. കഴിഞ്ഞ മാസം നഗരസഭയുടെ പരിധിക്കുള്ളില്‍ ശേഖരിച്ച 7600 കിലോ ഇ വേസ്റ്റ് ക്ലീന്‍ കേരളയ്ക്ക് കൈമാറി. സമീപത്തെ പഞ്ചായത്തുകളും നഗരസഭകളും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 ഇഷ്ടികക്കളങ്ങളുടെ പ്രവര്‍ത്തനവും തടഞ്ഞിരിക്കുകയാണ്. മാര്‍ച്ചില്‍ നഗരസഭയില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിലൂടെ നഗരസഭയെ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ നഗരമാക്കാന്‍ കഴിയുംം. പിറവം നഗരസഭാ കൗണ്‍സിലറും അധ്യാപകനുമായ ബെന്നി വി വര്‍ഗ്ഗീസ് പറഞ്ഞു.
അശ്വതി അശോക്