
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവാണ് ബണ്ടിചോറിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. 2013 ജനുവരി 20 ന് തിരുവനന്തപുരം പട്ടത്തെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടിലെ കവര്‍ച്ച കേസിലാണ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. കൃഷ്ണകുമാര്‍ ഏപ്രില്‍ 22 ന് വിധി പറയും.
വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറും മെബൈല്‍ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചുവെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവെച്ചു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതി സമാന കുറ്റം ചെയ്തിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
മോഷണം നടത്തുന്ന സി.സി.ടി.വി ദ്യശ്യങ്ങള്‍ വിചാരണ സമയത്ത് കോടതിയില്‍ പ്രദര്‍ശിപ്പിച്ച് തെളിവ് നല്‍കിയതെന്ന അപൂര്‍വ്വതയും കേസിനുണ്ട്. 39 സാക്ഷികളേയും,89 രേഖകളും,96 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.






