
നിവിന്‍പോളി നായകനായ 1983 സിനിമയില്‍ ക്രിക്കറ്റ് ഭ്രാന്തനായ രമേശനോട് ആദ്യ രാത്രിയില്‍ തന്നെ സച്ചിന് തെന്‍ഡുല്‍ക്കറുടെ ചിത്രം കണ്ട് ഇത് ഏതു ഹിന്ദിനടനാണെന്ന ചോദിക്കുന്ന ഭാര്യ സുശീലയെ ഓര്‍ക്കുന്നുണ്ടോ? ക്രിക്കറ്റ് ജ്ഞാനം തീരെയില്ലാത്ത തനി നാട്ടിന്‍പുറത്തുകാരിയായ സുശീലയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സെലിബ്രിട്ടി ഭാര്യ ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായ ഗൗതം ഗംഭീറിന്റെ ഭാര്യ നടാഷ.
ക്രിക്കറ്റില്‍ കാര്യമായ താല്‍പ്പര്യമില്ലാത്ത നടാഷ യുടെ തമാശകള്‍ പറയുന്നതിനിടയില്‍ ഭാര്യ തന്റെ ആരാധികയേയല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയെന്നാണ് ഗൗതംഗംഭീര്‍ പറയുന്നത്. ഇന്ത്യ വീണ്ടും ലോകചാമ്പ്യന്മാരായ ഗംഭീര്‍ തിളങ്ങിയ ശ്രീലങ്കയ്ക്കെതിരേയുള്ള ഫൈനലാണ് ഇതില്‍ ഒന്ന്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ദിവസം നടാഷ അത്രയ്ക്ക് പ്രാധാന്യമുള്ള കളിയാണോ ഇന്ന് നടക്കുന്നതെന്ന് തന്നോട് ചോദിച്ചെന്ന് ഗൗതം പറയുന്നു. ലോകകപ്പ് ഫൈനല്‍ കാണാന്‍ മുംബൈയിലേക്ക് വരുന്നോന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ രണ്ടു ദിവസത്തെ സമയമാണ് നടാഷ ചോദിച്ചത്. പിന്നീട് ഒരു പകല്‍ കൂടി എടുത്ത് വൈകുന്നേരം ഈ കളി വല്യ കാര്യമുള്ളതാണോ എന്ന് തിരിച്ചു ചോദിച്ചെന്ന് ഗംഭീര്‍ ചിരിച്ചുകൊണ്ടു പറയുന്നു. ഭാര്യയുടെ ചോദ്യത്തിന് അല്ല ഇത് വല്യ കാര്യമുള്ള കളിയല്ലെന്ന് ഗംഭീര്‍ മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ പോട്ടെ ഒരു കളി കാണാന്‍ വേണ്ടി ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ വരേണ്ട കാര്യമില്ലെന്ന് പറഞ്ഞ് നടാഷ ഫൈനല്‍ കാണാന്‍ വന്നേയില്ലത്രേ.
നടാഷ ക്രിക്കറ്റിന്റെയോ തന്റെയോ ആരാധികയല്ലെന്ന് മനസ്സിലായ മറ്റൊരു കാര്യം കൂടി ഗംഭീര്‍ പറയുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് കളിക്കുമ്പോള്‍ ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരം കാണാന്‍ നടാഷ വന്നു. താന്‍ നോക്കുമ്പോള്‍ എതിരാളികളായ മുംബൈ ഇന്ത്യന്‍സിന്റെ കൊടിയും പിടിച്ച് അവള് സ്റ്റാന്‍ഡില്‍ ഇരിക്കുന്നു. കളിക്കിടെ ആദ്യം തന്നെ പരിക്കേറ്റ് താന്‍ ഡ്രസ്സിംഗ് റൂമിലുമായി. സച്ചിന് അടിച്ച ഒരു പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് രാത്രിയില്‍ തമ്മില്‍ കണ്ടാപ്പോള്‍ 20 ഓവറിലും നിങ്ങള്‍ എന്താണ് അത്ര അകലത്തില്‍ പോയി ഫീല്‍ഡ് ചെയ്തത് എന്നായിരുന്നു നടാഷയുടെ ചോദ്യം. ഇതിന് മറുപടിയായി കളിച്ചില്ലല്ലോ ഡ്രസ്സിംഗ് റൂമിലായിരുന്നില്ലേ എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ഞാന്‍ നോക്കിക്കൊണ്ടിരുന്നത് നിങ്ങളായിരുന്നില്ലേ എന്നായിരുന്നു മറുചോദ്യം. അതിന് ശേഷമാണ് താന്‍ അവളുടെ ഇഷ്ടപ്പെട്ട കളിക്കാരനേ അല്ലെന്ന ദു:ഖസത്യം തിരിച്ചറിഞ്ഞതെന്നും ഗൗതംഗംഭീര്‍ പറയുന്നു.
നടാഷയുമായി ബന്ധപ്പെട്ട അനേകം തമാശകള്‍ ഗംഭീര്‍ ആരാധകരുമായ പങ്കുവെച്ചത് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു. കൊല്‍ക്കത്തയുടെ നായകനെന്ന നിലയില്‍ ആ ടീം ജയിക്കാന്‍ വേണ്ടി കളിക്കുമ്പോഴും ഡല്‍ഹിക്കാരനായി ഡെയര്‍ഡെവിള്‍സിന്റെ കുപ്പായത്തില്‍ കളിക്കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും അഭിമുഖത്തില്‍ ഗൗട്ടി പറയുന്നുണ്ട്.





