
വില്‍പ്പനയ്ക്കു വരവ് കുറഞ്ഞെങ്കിലും വില ഉയര്‍ത്തി വാങ്ങാന്‍ ആളില്ലാതായതോടെ കഴിഞ്ഞ വാരം കുരുമുളക് വിലയില്‍ മാറ്റമില്ല. 700 രൂപ കടന്ന കുരുമുളക് 690-ല്‍ താഴെയായതോടെ കര്‍ഷകരും വില്‍ക്കാതെ മാറിനിന്നു. മുന്‍കൂറായി കച്ചവടം നടത്തിയ അന്തര്‍ സംസ്ഥാന കച്ചവടക്കാരുടെ ഇടപാടുകളാണ് നടന്നത്. നവരാത്രി, ദീപാവലി ഉത്സവകാല സീസണില്‍ ഡിമാന്‍ഡ് ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കുറവാണ്. തമിഴ്നാട്, കര്‍ണാടക കേന്ദ്രീകരിച്ചാണ് ഉത്തരേന്ത്യക്കാര്‍ ഉത്സവകാല സീസണില്‍ കുരുമുളക് വാങ്ങുന്നത്. അവിടെ ജി.എസ്.ടി. വെട്ടിച്ച് കിലോയ്ക്ക് 400 രൂപയുടെ ബില്ലിലാണ് കച്ചവടം. ജി.എസ്.ടി. വെട്ടിച്ചുള്ള കച്ചവടത്തിന് കൊച്ചിയില്‍ താല്‍പ്പര്യമില്ലെന്ന് വ്യാപാരികള്‍ അറിയിച്ചതോടെയാണ് ഉത്തരേന്ത്യക്കാര്‍ കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ചുവടുമാറിയത്.
ശ്രീലങ്ക, ബ്രസീല്‍, വിയറ്റ്നാം, ദുബായ് വഴി കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ 2568 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 89 ശതമാനവും കൊച്ചി തുറമുഖം വഴിയാണ്. കൊച്ചി: 1954 ടണ്‍, ചെന്നൈ: 25 ടണ്‍, ബംഗളുരു: 52 ടണ്‍, ഗുജറാത്ത്: 275 ടണ്‍, മുംബൈ: 160 ടണ്‍, കൊച്ചി സ്പെഷല്‍ ഇക്കണോമിക് സോണ്‍: 96 ടണ്‍, വല്ലാര്‍പാടം: 229 ടണ്‍, തൂത്തുക്കുടി: 25 ടണ്‍ എന്നിങ്ങനെയായിരുന്നു ഇറക്കുമതി. ഇത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
ജൂലൈയിലെ ഇറക്കുമതിക്കണക്ക് പുറത്തുവന്നെങ്കിലും ഓഗസ്റ്റിലെ കണക്ക് അജ്ഞാതമാണ്. കയറ്റുമതിത്തോതും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്. ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഉത്പാദക രാജ്യങ്ങള്‍ പൊതുവേ മാന്ദ്യത്തിലായിരുന്നതിനാല് കയറ്റുമതി നിരക്കില്‍ കുറവുണ്ടായി. ഇന്ത്യയുടെ കയറ്റുമതി നിരക്ക് 50 ഡോളര്‍. വിയറ്റ്നാം, ബ്രസീല്‍ യഥാക്രമം 300 ഡോളര്‍, ഇന്തോനീഷ്യ 400 ഡോളര്‍, ശ്രീലങ്ക 100 ഡോളര്‍ വീതമാണ് കയറ്റുമതി നിരക്ക് കുറഞ്ഞത്.
കയറ്റുമതി നിരക്ക് ഇന്ത്യ ഒരു ടണ്ണിന് 8100 ഡോളര്‍, ശ്രീലങ്ക 7300, വിയറ്റ്നാം 6500, ബ്രസീല്‍ 6200, ഇന്തോനീഷ്യ 7200 ഡോളര്‍. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോയ്ക്ക് 686 രൂപ. ഗാര്‍ബിള്‍ഡ്: 706 രൂപ. പുതിയത് 676 രൂപ.
റബര്‍വില കുറഞ്ഞു
റബര്‍ വില വീണ്ടും കുറഞ്ഞു. ആര്.എസ്.എസ്-4 കിലോ ഒരു രൂപ കുറഞ്ഞാണ് വ്യാപാരം നിര്‍ത്തിയത്. ആര്.എസ്.എസ്- 5 വില മാറ്റമില്ല. ടയര്‍ കമ്പനികള്‍ക്ക് വേണ്ടി ബ്രോക്കര്‍മാരാണ് റബര്‍ വില കുറച്ചതെന്ന് കര്‍ഷകരും വ്യാപാരികളും പറഞ്ഞു. വാരാന്ത്യം ആര്.എസ്.എസ്. 4 കിലോ 186 രൂപയായി കുറഞ്ഞിട്ടും വീണ്ടും വിലകുറച്ചാണ് ബ്രോക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. വിലകുറഞ്ഞതോടെ കര്‍ഷകരില്‍നിന്നും ഇടനിലക്കാരില്‍നിന്നും വില്‍പ്പനയ്ക്ക് റബര്‍ വരവ് കുറവായിരുന്നു. രാജ്യാന്തര വില കുറഞ്ഞതുകൊണ്ടാണ് വിലകുറച്ചതെന്ന് ബ്രോക്കര്‍മാര്‍ പറയുന്നുണ്ടെങ്കിലും വില വീണ്ടും കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
രാജ്യാന്തര അവധി വിലകളില്‍ ചൈന റബര്‍ കിലോ ഒരു രൂപ കുറച്ചു;കിലോ 182 രൂപ. ടോക്കിയ ഒരു രൂപ കുറച്ച് കിലോ 190 രൂപ. തയ്യാര്‍ നിരക്കില്‍ ബാങ്കോക്ക് രണ്ടു രൂപ കുറച്ചു കിലോ 187 രൂപ. കൊച്ചി ആര്.എസ്.എസ്-4 കിലോ 186 രൂപ. ആര്.എസ്.എസ്- 5 കിലോ 183 രൂപ.
സ്വര്‍ണവില
വീണ്ടും റെക്കോഡ് തിരുത്തി
കഴിഞ്ഞവാരം സ്വര്‍ണവില വീണ്ടും റെക്കോഡ് തിരുത്തി. രാജ്യാന്തര വില ഉയര്‍ന്നതോടെ ആഭ്യന്തരവിലയില്‍ പവന് 680 രൂപ കൂടി. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 45 ഡോളറിന്റെ വര്‍ധന ഉണ്ടായി. നിക്ഷേപകര്‍ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങല്‍ തുടങ്ങിയതോടെയാണ് രാജ്യാന്തരതലത്തില്‍ സ്വര്‍ണവില ഉയര്‍ന്നത്. അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതോടെ നിക്ഷേപകര്‍ വരുംനാളുകളിലേക്കായി സാമ്പത്തിക ലാഭത്തിനുവേണ്ടി സ്വര്‍ണം വാങ്ങിത്തുടങ്ങിയാല്‍ വില വീണ്ടും കൂടിയേക്കും.
ആഭ്യന്തര വില സ്വര്‍ണം 22 കാരറ്റ് പവന് 82,240 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 3,686 ഡോളര്‍. വിനിമയ വിപണിയില്‍ രൂപ 18 പൈസയുടെ നേട്ടം കൈവരിച്ചു. വിനിമയ നിരക്കില്‍ 88.27 ല്‍നിന്ന് രൂപ 88.09 ആയി മെച്ചപ്പെട്ടു.
മാറ്റമില്ലാതെ
വെളിച്ചെണ്ണ
പ്രാദേശിക ആവശ്യങ്ങള്‍ക്കായി ഡിമാന്‍ഡ് കുറഞ്ഞതോടെ കൊച്ചിയിലും കോഴിക്കോടും വെളിച്ചെണ്ണ കൊപ്രവില മാറ്റമില്ല. തൃശൂരില്‍ വെളിച്ചെണ്ണയ്ക്ക് ഒരു രൂപയും കൊപ്രയ്ക്ക് രണ്ടു രൂപയും കൂടി. തമിഴ്നാട്ടിലെ കാങ്കയത്തും വിലവര്‍ധിച്ചു. വെളിച്ചെണ്ണ ലിറ്ററിന് നാല് രൂപയും കൊപ്ര കിലോയ്ക്ക് ഒരു രൂപയും കൂടി. ഡിമാന്‍ഡ് കുറഞ്ഞതോടെ കൊച്ചിയില്‍ വില്പനയ്ക്ക് വെളിച്ചെണ്ണ വരവ് കുറവായിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ വാരം 26,000 ലിറ്റര്‍ വെളിച്ചെണ്ണയുടെ മൊത്തവ്യാപാരം നടന്നു. കഴിഞ്ഞതിന്റെ തലേവാരത്തെ അപേക്ഷിച്ച് 7000 ലിറ്റര്‍ കുറവായിരുന്നു. കൊച്ചി വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 373 രൂപ. തയ്യാര്‍ 368, കൊപ്ര തെളിവ് കിലോ 221രൂപ, ഓടെ 219, കോഴിക്കോട് വെളിച്ചെണ്ണ 400 രൂപ, കൊപ്ര 238 രൂപ, തൃശൂര്‍ വെളിച്ചെണ്ണ 376 രൂപ, കൊപ്ര കിലോ 232 രൂപ. തമിഴ്നാട് കാങ്കയം വെളിച്ചെണ്ണ 330, കൊപ്ര കിലോ 225 രൂപ.



