
വിദേശഫണ്ടുകള്‍ വില്‍പ്പന കുറച്ച് വാങ്ങലുകാരായിമാറാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ഓഹരി ഇന്‍ഡക്സുകള്‍ വീണ്ടും ഉയര്‍ന്നു. ഇടപാടുകള്‍ നടന്ന അഞ്ചില്‍ മൂന്നു ദിവസവും അവര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപത്തിന് ഉത്സാഹിച്ചു. അവരുടെ നിക്ഷേപ ഭാവത്തിലെ മാറ്റങ്ങള്‍ ബുള്‍ റാലിയുടെ ആക്കം ഒക്ടോബറില്‍ ഇരട്ടിപ്പിക്കാം. പോയവാരം ബോംബെ സെന്‍സെക്സ് 721 പോയിന്റ്റും നിഫ്റ്റി സൂചിക 213 പോയിന്റ്റും മുന്നേറി.
ദീപാവലി വേളയിലെ കുതിപ്പിനാവശ്യമായ ഊര്‍ജം കണ്ടെത്തുകയാണ് വിപണി. അമേരിക്ക ഈ വര്‍ഷം ഇതാദ്യമായി പലിശനിരക്കു കുറച്ചത് വിദേശനിക്ഷേപം വര്‍ധിക്കാന്‍ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ഒരുവിഭാഗം. യു.എസ്. പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 4.25 ശതമാനമാക്കി.
വിപണിയിലെ മൂല്യമേറിയ പത്തു കമ്പനികളില്‍ എഴെണ്ണത്തിന്റെയും വിപണിമൂല്യം 1,18,328,29 കോടി രൂപ ഉയര്‍ന്നു. എസ്.ബി.ഐ. വിപണിമൂല്യം 35,953.25 കോടി വര്‍ധിച്ച് 7,95,910 കോടി രൂപയായി. എയര്‍ടെല്‍, ആര്.ഐ.എല്‍, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടി.സി.എസ്, ഇന്‍ഫോസിസ്, എല്‍ .ഐ.സി. എന്നിവ മികവ് പ്രകടിപ്പിച്ചു. ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്.യു.എല്‍. എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ തുടര്‍ച്ചയായ ഇതുപത്തിരണ്ടാം വാരത്തിലും നിക്ഷേപകരായി തുടരുന്നു. പിന്നിട്ടവാരം അവര്‍ 11,173.37 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം 38,319.69 കോടി രൂപയാണ്.
വിദേശഫണ്ടുകള്‍ വില്‍പ്പനത്തോത് കുറച്ച് വീണ്ടും വാങ്ങലിന് ഉത്സാഹിക്കുന്നു. കഴിഞ്ഞവാരം അവര്‍ 1065.73 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. രണ്ടു ദിവസങ്ങളിലായി അവര്‍ 2393.13 കോടിയുടെ ഓഹരിവില്‍പ്പന നടത്തി.
സെന്‍സെക്സ് സൂചിക 81,904-ല്‍ നിന്ന് 83,743-ലെ തടസം ഭേദിച്ച് ഒരവസരത്തില്‍ 83,080 പോയിന്റ്വരെ മുന്നേറി. വാരാന്ത്യം സൂചിക 82,626 പോയിന്റിലാണ്. സാങ്കേതികചലനങ്ങള് വീക്ഷിച്ചാല്‍ 83,214-ലേക്കും തുടര്‍ന്ന് 83,802 പോയിന്റിലേക്കും സൂചിക സഞ്ചരിക്കാം. 81,903 ലും 81,180 ലുംതാങ്ങുണ്ട്. മറ്റ് സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ സൂപ്പര്‍ ട്രെന്റ്, പാരാബോളിക് എസ്.എ.ആര്, എം.എ.സി. ഡി. തുടങ്ങിയവ ബുള്‍ ഓപ്പറേറ്റര്മാര്ക്കുമുന്നില് പച്ചക്കൊടി ഉയര്‍ത്തുന്നു.
നിഫ്റ്റിസൂചിക 25,114 പോയിന്റില്‍നിന്ന് 25,372-ലെ പ്രതിരോധം മറികടന്ന് 25,437 പോയിന്റ് വരെ കയറി. ഇതിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയത് സൂചികയെ വാരത്തിന്റെ രണ്ടാം പാദത്തില്‍ 25,287-ലേക്ക് തളര്‍ത്തി.
എന്നാല്‍, ആഴ്ചാവസാന കേ്ലാസിങ് ദിനം സൂചിക 25,327 ലേക്ക് കയറി.
ഈ വാരം നിഫ്റ്റിക്ക് 25,488 25,649 പോയിന്റുകളില്‍ തടസംനിലനില്ക്കുന്നു. ഫണ്ടുകള്‍ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയാല്‍ 25,115 - 24,903 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി സെപ്റ്റംബര്‍ ഫ്യൂച്ചര്‍ 25,210-ല്‍ നിന്ന് 25,300-ലെ തടസംകടന്ന് 25,411-ല്‍ എത്തി. ഊഹക്കച്ചവടക്കാര്‍ ഷോര്ട്ട്കവറിങ്ങിന് കഴിഞ്ഞവാരം നീക്കം നടത്തിയതിനാല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് 166 ലക്ഷം കരാറുകളില്‍ നിന്ന് 156 ലക്ഷമായി കുറഞ്ഞു.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. ഡോളറിന് മുന്നില്‍ രൂപ 88.45-ല്‍ നിന്ന് 87.63-ലേക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം 88.10 ലാണ്.
ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3641 ഡോളറില്‍ നിന്ന് 3704 ഡോളര്‍ തൊട്ടശേഷം കേ്ലാസിങ്ങില്‍ 3684-ലാണ്.
വിപണിയിലെ ബുള്‍ മനോഭാവം കണക്കിലെുത്താല് വര്ഷാന്ത്യത്തിന് മുമ്പേ 3824 ഡോളറിനു മുകളില്‍ ഇടം പിടിക്കാനാകും. രാജ്യാന്തര വിപണിയുടെ ഉണര്‍വിന്റെ ചുവട് പിടിച്ച് ആഭ്യന്തരവിലയും വര്‍ധിച്ചു. സ്വര്‍ണ അവധിവില 1,10,666 രൂപവരെ ഉയര്‍ന്നശേഷം വാരാന്ത്യം 1,09,847 രൂപയിലാണ്.



