പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സന്ദർശനത്തിന് ക്ഷണിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇറാൻ-യുഎസ് ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ക്ഷണം. അടുത്ത 48 മണിക്കൂറിനുള്ളിൽ പാക് പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുമെന്ന് ജിയോ ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമൊന്നും ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി സന്ദർശനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ നിർത്തിവച്ചിട്ടുണ്ടെങ്കിലും, സംഘർഷങ്ങൾ തുടരുകയാണ്. ഇസ്ലാമാബാദിൽ നടന്ന ചർച്ച ശനിയാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെ 21 മണിക്കൂർ നീണ്ടുനിന്നെങ്കിലും കരാറിലെത്താൻ സാധിച്ചിരുന്നില്ല.
ചർച്ചകൾക്ക് ശേഷം, ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഉൾപ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഉപരോധിക്കുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചിരുന്നു.
റിയാദ് സന്ദർശന വേളയിൽ, പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി കൂടിയാലോചനകൾ നടത്തും. സൗദിയും ഖത്തറും പാകിസ്ഥാന് 5 ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചതിന് ശേഷം, സാമ്പത്തിക സഹകരണവും പ്രധാന ചർച്ചയായേക്കും.






