വാഷിങ്ടണ്‍: ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് വെച്ച് നടക്കാനിരിക്കുന്ന ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി രണ്ട് പ്രധാന നിബന്ധനകളാണ് വാഷിങ്ടണ്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുനല്കുക, ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ പിന്തുണയും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് യുഎസ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ എന്നാണ് വിവരം.
ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കരാറിലെത്തുന്നതിന് തടസ്സമാകും എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇസ്ലാമാബാദില്‍വെച്ച് നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകളിലൂടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
നിലവില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഒരു നയതന്ത്ര പരിഹാരം അത്യാവശ്യമാണെന്ന് ഇറാനിയന്‍ ഭരണകൂടത്തിനുള്ളിലും അഭിപ്രായമുണ്ട്. ഇറാനുമായുള്ള പുതിയ ഘട്ട ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. 'ശരിയായ, അനുയോജ്യരായ ആളുകള്‍' വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടുവെന്നും ഒരു കരാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ പുതിയ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും നിയന്ത്രണങ്ങളില്ലാതെ തുറന്നു കൊടുക്കണമെന്ന് വാഷിങ്ടണ്‍ ആവശ്യപ്പെട്ടതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ ഹായോം റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ കപ്പലുകളുടെയും ടാങ്കറുകളുടെയും സഞ്ചാരം ഇനിയും ഇറാന് തടയുകയാണെങ്കില്‍, ഇറാനിയന്‍ കപ്പലുകളെയും ആ വഴിയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.
ഇസ്രായേലി മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്ലാമാബാദില് നടക്കുന്ന ചര്‍ച്ചകളില്‍ ഉടലെടുക്കുന്ന ധാരണകള്‍ക്ക് ഇറാന് ഭരണകൂടത്തിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകാരം വേണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, ചര്‍ച്ചകള്‍ക്ക് വരുന്ന ഇറാനിയന്‍ പ്രതിനിധി സംഘത്തിന്, ഏതൊരു കരാറും അന്തിമമാക്കാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്പ്സില്നിന്നുള്ള പൂര്‍ണമായ പിന്തുണയും തീരുമാനം എടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന.






