കണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്റ് വിശദീകരണക്കുറിപ്പ്. ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാണ് നിതിന്‍ ജീവനൊടുക്കാന്‍ കാരണമെന്നും ജാതി വിവേചനം ഉണ്ടായെന്ന ആരോപണം തെറ്റാണെന്നും പ്രെസ്റ്റിജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് വേണ്ടി മെഡിക്കല്‍ ഡയറക്ടര്‍ പി. അദ്നാന് സിദ്ദിഖ് അറിയിച്ചു. ലോണ്‍ ആപ്പിന് തന്റെ നമ്പര്‍ നല്‍കിയതിനെക്കുറിച്ച് അധ്യാപിക ചോദിച്ചപ്പോള്‍ നിതിന്‍ അത് നിഷേധിച്ചിരുന്നു. എന്നാല്‍ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.
ലോണ്‍ എടുത്തത് സഹോദരീ ഭര്‍ത്താവ് അശോകന് വേണ്ടിയാണെന്ന് നിതിന്‍ പറഞ്ഞു. കോളജിന് പുറത്ത് നിതിന്‍ രാജ് ഉള്‍പ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് കോളേജ് പരമാവധി സഹായിച്ചു. കൗണ്‍സിലിംഗ് നല്‍കുമെന്ന് ഉറപ്പ് നല്കി രക്ഷിതാക്കള്‍ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നല്‍കിയിരുന്നുവെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
അധ്യാപികമാര്‍ നിരന്തരം ആവശ്യപ്പെട്ടാണ് നിതിന്‍ തിരികെ കോളേജില്‍ എത്തിയിരുന്നത്. നിതിന്‍ രാജ് ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണ് നിതിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിതിന്‍ രാജിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ നേരിയതോതില്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.






