കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തെങ്കിലും തോന്നും എന്നതുകൊണ്ടാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
പിണറായി വിജയന്‍ ബംഗാളില്‍ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ടാണെന്ന് എം എ ബേബി പറഞ്ഞു. തിരക്കുകളെ തുടര്‍ന്ന് ഏറെ നാളായി ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റുകള്‍ അടക്കം നടത്തേണ്ടതുണ്ടെന്നും എം എ ബേബി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി.
മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കെ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചത്. കേരളം കഴിഞ്ഞാല്‍ സിപിഐഎം ഏറ്റവും അധികം മത്സരിക്കുന്നത് ബംഗാളിലാണ്. ബാക്കിയുള്ള ഇടങ്ങളില്‍ അഞ്ചും രണ്ടും സീറ്റിലൊക്കെയേ മത്സരിക്കുന്നുള്ളൂ. ആ നിലയ്ക്ക് പിണറായി വിജയന്‍ ബംഗാളില്‍ പോകേണ്ടതാണ്. എന്താണ് പോകാത്തത് എന്ന് അറിയില്ലെന്നും പോയില്ലെങ്കില്‍ അതിനര്‍ത്ഥം മോദിയെ പ്രയാസപ്പെടുത്തേണ്ട എന്ന ധാരണകൊണ്ടാകാം എന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ബംഗാളില്‍ പോയാല്‍ മോദിക്ക് വല്ലതും തോന്നുമോ എന്നതുകൊണ്ടാകാം പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.






