തൃശ്ശൂര്‍: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് ഔദ്യോഗിക പ്ലാറ്റ്ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും രാഷ്ട്രീയ പ്രചാരണത്തിനുമായി പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്ന് അനില്‍ അക്കര ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദൂരദര്‍ശനിലൂടെയായിരുന്നു പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തത്.
പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തി. പ്രസംഗത്തില്‍ ഉടനീളം 59 തവണ കോണ്‍ഗ്രസിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചില്ലെന്നും ഖാര്‍ഗെ ആരോപിച്ചു. ചട്ടലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
പ്രധാനമന്ത്രിയുടെ പ്രസംഗം ജനാധിപത്യത്തെയും ഫെഡറല്‍ ഘടനയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്ത വിധം പൂര്‍ണ്ണമായും പക്ഷപാതപരമായ ഒന്നായിരുന്നു പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് പകരം തികഞ്ഞ നിരാശയാണ് പ്രസംഗം സമ്മാനിച്ചതെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.






