പാലക്കാട്: തമിഴ്നാട് ഷോളയാര്‍ ഡാം പരിസരത്ത് വയോധികയെ പുലി കൊന്ന നിലയില്‍. ഡാമിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാള്‍ (90) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ഇന്നാസി അമ്മാളെ കാണാനില്ലായിരുന്നു. വൈകിട്ട് 5 മണിയോടെ ഭക്ഷണം നല്കാന് വന്ന മകനാണ് ഇന്നാസി അമ്മാളിനെ അവസാനമായി കണ്ടത്. എന്നാല്‍, രാത്രി തിരിച്ചെത്തിയപ്പോഴേക്കുമാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിഭാഗം ഭക്ഷിച്ചനിലയിലാണ്. പുലിയാണ് ആക്രമിച്ചതെന്ന് വനപാലകരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. റോഡിനടുത്തുള്ള കാനയില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടിക്കട നടത്തി ജീവിക്കുന്നയാളായിരുന്നു ഇന്നാസിയമ്മാള്. നാലു മക്കളുണ്ട്.






