കുവൈത്തില്‍ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് സർക്കാർ സമഗ്രമായ കർമ്മപദ്ധതി നടപ്പിലാക്കി. വിപണിയിൽ പ്രതിസന്ധി ഘട്ടങ്ങളിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ജനജീവിതം സുസ്ഥിരമായി നിലനിർത്തുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള ഏകോപിത നീക്കങ്ങളാണ് അധികൃതർ ആരംഭിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളെ അതീവ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സാമ്പത്തികവും ഭരണപരവുമായ വിപുലമായ നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അസാധാരണമായ ഈ സാഹചര്യത്തിൽ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി കമ്പനികൾക്ക് സർക്കാർ സബ്സിഡി അനുവദിച്ചു. പകരം, ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്നും ഔദ്യോഗിക അനുമതിയില്ലാതെ സാധനങ്ങൾ പുനർകയറ്റുമതി ചെയ്യില്ലെന്നും കമ്പനികൾ ഉറപ്പുനൽകണം. ഇതിനുപുറമെ, നിത്യോപയോഗ സാധനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു നൽകുകയും ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
വിപണിയിലെ സ്റ്റോക്ക് നില കൃത്യമായി വിലയിരുത്തുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിപണികളിൽ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാനും മന്ത്രാലയങ്ങളുടെ കീഴിലുള്ള പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.






