പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ 2025 ലെ വിവരങ്ങള്‍ തേടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. പി എസ് പ്രശാന്തിനെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. 2025 ല്‍ വീണ്ടും ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണ പാളികള്‍ കൊടുത്തു വിടാനുള്ള നീക്കമാണ് എസ്ഐടി പരിശോധിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജി കുമാറിനെയും ചോദ്യം ചെയ്തു. കഴിയുന്നതും വേഗത്തില്‍ കുറ്റപത്രം നല്‍കാനാണ് എസ്ഐടി നീക്കം. നേരത്തെ എസ്ഐടിയുടെ അന്വേഷണം നിലച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കേസില്‍ ആറ് മാസമായിട്ടും കുറ്റപത്രം നല്കാന് എസ്ഐടിയ്ക്ക് കഴിഞ്ഞില്ല. അഞ്ച് പേരുടെ കൂടി അറസ്റ്റ് ഉണ്ടാകുമെന്ന് ഹൈക്കോടതിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലായിരുന്നു.
ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്ഐടി നല്‍കിയിരുന്ന വിശദീകരണം. കുറ്റപത്രം നല്കണമെങ്കില് പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി വാങ്ങണം. അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല. അപേക്ഷ നല്കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ല.






