കൊച്ചി: മുന്‍ ഡി.ജി.പിയും ബി.ജെ.പി. നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നെതര്‍ലന്‍ഡില്‍ നടത്തിയ അന്വേഷണം സംസ്ഥാന വിജിലന്‍സിനെ അറിയിക്കാതെ. അസ്വഭാവികനടപടി ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയയ്ക്കും.
സുപ്രീം കോടതി കഴിഞ്ഞദിവസം കേസ് പരിഗണിക്കവേയാണ്, നെതര്‍ലന്‍ഡില്‍ അന്വേഷണം നടത്തിയെന്നും ഡച്ച് ഭാഷയിലുള്ള റിപ്പോര്‍ട്ട് അവിടെ നിന്നു ലഭിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു അറിയിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സിനു കൈമാറുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിനെയോ വിജിലന്‍സിനെയോ അറിയിക്കാതെ, ആരുടെ നിര്‍ദേശപ്രകാരം ആര് നെതര്‍ലന്‍ഡില്‍ പോയി അന്വേഷിച്ചെന്ന് വ്യക്തമല്ല. ഇതിലുള്ള അസ്വാഭാവികത കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
നെതര്‍ലന്‍ഡില്‍ പോകേണ്ട അന്വേഷണോദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നേരത്തേ സുപ്രീം കോടതി വിജിലന്‍സിനോടു നിര്‍ദേശിച്ചിരുന്നു. മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. എന്നാല്‍, പട്ടിക വിജിലന്‍സ് കൈമാറിയില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തെറ്റായ വിവരം അറിയിച്ചതിനു കോടതി 25,000 രൂപ പിഴ ചുമത്തിയെങ്കിലും അഡീ. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനപ്രകാരം പിന്നീട് പിന്‍വലിച്ചു.
ഡച്ച് ഭാഷയിലുള്ള റിപ്പോര്‍ട്ട് തര്‍ജമ ചെയ്തുവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തര്‍ജമ ചെയ്ത റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. അടുത്തമാസം 14-നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രനടപടി ചോദ്യംചെയ്യാനാണു സംസ്ഥാനസര്‍ക്കാരിന്റെ നീക്കം.






