പാലക്കാട്: പൊതുഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളിയതിന് വളാഞ്ചേരിയില്‍ സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ പിടിയില്‍. ഇന്‍സ്റ്റാഗ്രാമില്‍ 'നിയാസ് കൊട്ടാരം' എന്ന പേരില്‍ പ്രൊമോഷണല്‍ വ്ലോഗുകള്‍ ചെയ്യുന്ന കൊട്ടാരം സ്വദേശി നിയാസിനെ (30) ആണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത്ത്. മാലിന്യം തള്ളലിന് പുറമേ സമൂഹമാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്.
സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയുടെ മറവില്‍ ഇയാള്‍ അതീവ ഗുരുതരമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. രാത്രികാലങ്ങളില്‍ റോഡുകളിലും ജനവാസ മേഖലകളിലും കക്കൂസ് മാലിന്യം തള്ളുന്നത് ഇയാളുടെ പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനും കാരണമായി മാറിയിരുന്നു. മുഖംമൂടി ധരിച്ച് സമൂഹമാധ്യമങ്ങളി ലൂടെ പൊതുജനങ്ങളെയും നിയമസംവിധാനങ്ങളെയും ഇയാള്‍ വെല്ലുവിളിച്ചിരുന്നു.
കൂടാതെ, യുവാക്കളെ ലഹരി ഉപയോഗത്തിലേക്കും അക്രമ പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പ്രതിയുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എറണാകുളത്ത് നിന്നും പിടിയിലായ നിയാസിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ നിലവില്‍ റിമാന്‍ഡ് ചെയ്തു.






