ന്യൂഡല്‍ഹി: ഒരു മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19-കാരന് അറസ്റ്റില്‍. ബുധനാഴ്ച രാവിലെ ദക്ഷിണ ഡല്‍ഹിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. മുന്‍ ജോലിക്കാരന് രാഹുല്‍ മീണയാണ് അറസ്റ്റിലായത്. 22 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹത്തിന്റെ വിരലടയാളം വെച്ച് ലോക്കര്‍ തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് രാഹുല്‍ മീണയെ പോലീസ് പിടികൂടിയത്.
കുടുംബത്തിന്റെ ദിനചര്യകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന മീണ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയം നോക്കിയാണ് വീട്ടിലെത്തിയത്. മറ്റ് ജീവനക്കാര്‍ക്ക് കയറാനായി ചെരുപ്പ് സ്റ്റാന്‍ഡില്‍ സൂക്ഷിക്കാറുള്ള താക്കോല്‍ ഉപയോഗിച്ച് അകത്തുകയറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതോടെ വിളക്കും മറ്റ് ഭാരമേറിയ വസ്തുക്കളും ഉപയോഗിച്ച് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ഐഐടി ബിരുദധാരിയും യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയുമായിരുന്ന 22-കാരിയെ ടെറസിലെ പഠനമുറിയില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്തത്. വീട്ടിലെ ലോക്കര്‍ തുറക്കാന്‍ ബയോമെട്രിക് സംവിധാനമാണ് ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് ലോക്കറിന് സമീപം എത്തിച്ചു. രക്തം പുരണ്ട പെണ്‍കുട്ടിയുടെ വിരല്‍ സ്കാനറില്‍ അമര്‍ത്തിയെങ്കിലും ലോക്കര്‍ തുറന്നില്ല.
മരണം സംഭവിച്ചതിനാലാകാം സ്കാനര്‍ വിരലടയാളം തിരിച്ചറിയാതിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. ഒടുവില്‍ ഒരു സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് പണവും ആഭരണങ്ങളും കവര്‍ന്നു. രക്ഷപ്പെടുന്നതിന് മുന്‍പ് തന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറി പെണ്‍കുട്ടിയുടെ സഹോദരന്റെ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഡല്‍ഹിയിലെ കൊലപാതകത്തിന് 24 മണിക്കൂര്‍ മുന്‍പ്, ചൊവ്വാഴ്ച രാത്രി അല്‍വാറില്‍ വെച്ച് തന്റെ സുഹൃത്തിന്റെ ഭാര്യയെയും ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു.
'ടീന്‍ പട്ടി' പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ചൂതാട്ടത്തിനും ഇയാള്‍ അടിമയായിരുന്നു. ഇതിനായി വലിയ തുക കടം വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് എട്ടുമാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ഡിപിഎസ് ആര്‍കെ പുരത്തെ മുന്‍ ടോപ്പറും ഐഐടി ഡല്‍ഹി ബിരുദധാരിയുമായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയായിരുന്ന അവര്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
പഠനത്തിനായി രാവിലെ നേരത്തെ എഴുന്നേല്ക്കുന്ന പുതിയ ദിനചര്യ ആരംഭിച്ച ആദ്യ ദിവസമാണ് ഈ ദുരന്തം സംഭവിച്ചത്. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. കൊള്ളയടിക്കുന്നതിനേക്കാള്‍ പെണ്‍കുട്ടിയോടുള്ള പകയും ബലാത്സംഗവുമാകാം പ്രതിയുടെ പ്രധാന ലക്ഷ്യമെന്ന് പോലീസ് കരുതുന്നു.






