ഗുരുഗ്രാം: പ്രതിശ്രുത വധുവിനെ താമസസ്ഥലത്തേക്ക് ക്ഷണിച്ച ശേഷം അമിതമായി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ഒരു യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ടുകൾ. ഗുരുഗ്രാമിലെ സെക്ടർ 53-ൽ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന രോഹിത് ലാൽ എന്ന 29 വയസ്സുകാരനാണ് മരിച്ചത്.
പ്രതിശ്രുത വധു എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്ന് മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ഓഫീസിലായിരുന്നു രോഹിത് ജോലി ചെയ്തിരുന്നത്.
ഇയാളുടെ സഹപ്രവർത്തകനാണ് വിവരം പുറംലോകത്തെയറിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു ഓഫീസിൽ പോകാറുള്ളത്. വ്യാഴാഴ്ച രാവിലെ ഫോൺ ചെയ്തിട്ടും രോഹിത് എടുത്തില്ല എന്നും മുറി തുറന്നില്ല എന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി വാതിൽ ബലമായി തുറന്നപ്പോൾ രോഹിതിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതായിരിക്കാം മരണ കാരണമെന്ന് പൊലീസ് കരുതുന്നു. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.






