പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ തടസ്സപ്പെടുന്നതിന് കാരണം ട്രാന്‍സ്ഫോര്‍മറുകളില്‍ അമിതഭാരം അനുഭവപ്പെടുമ്പോള്‍ സംവിധാനം തനിയെ നിലയ്ക്കുന്നതാണെന്നും പറഞ്ഞു. കെ.എസ്.ഇ.ബി ബോധപൂര്‍വ്വം വൈദ്യുതി നിയന്ത്രിക്കുന്നില്ലെന്നും പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലില്ലാത്ത വിധം ഉയരുകയാണെന്നും വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപയോഗങ്ങളില്‍ കാണിക്കുന്ന അനിയന്ത്രിത ഉപയോഗവും പ്രശ്നമായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ഭൂരിഭാഗം പേരും ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിക്കുന്നത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. കനത്ത ചൂടില്‍ ഉപഭോഗം വര്‍ധിക്കുമ്പോഴും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവാത്തത് ഗ്രിഡിനെ ബാധിക്കുന്നു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടതായും പറഞ്ഞു.
വേനല്‍ കടുക്കുന്നതിനിടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. 'ലോഡ് റെസ്ട്രിക്ഷന്' എന്ന പേരില്‍ നിയന്ത്രണം നടപ്പിലാക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത് കേവലം സാങ്കേതിക തടസ്സം മാത്രമാണെന്ന മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച മുന്‍പേ വൈദ്യുതി തടസ്സം രൂക്ഷമായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഉയര്‍ന്ന ആവശ്യം നിറവേറ്റാന്‍ വലിയ വില നല്കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്. ഇതിനായുള്ള റെഗുലേറ്ററി കമ്മീഷന് ഹിയറിങ് പൂര്‍ത്തിയായിട്ടുണ്ട്.






