ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും അതില്‍ സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമായി കണക്കാക്കാനാകില്ലെന്നും പറഞ്ഞു. പീഡിപ്പിച്ചെന്നും ചൂഷണം ചെയ്‌തെന്നും ആരോപിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഈ നിര്‍ണ്ണായക നിരീക്ഷണം നടത്തിയത്. 'ഇതൊരു ലിവ്-ഇന്‍ ബന്ധമാണ്. വിവാഹം കഴിക്കാതെ അവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ അവര്‍ പീഡനത്തെക്കുറിച്ചും മര്‍ദ്ദനത്തെക്കുറിച്ചും പറയുന്നു. ഇതെന്താണ്?' എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തില്‍ എവിടെയാണ് കുറ്റകൃത്യം വരുന്നതെന്ന് കോടതി ചോദിച്ചു. സമ്മതത്തിന്റെ സ്വഭാവം പ്രധാനമാണെന്ന് ജഡ്ജി വ്യക്തമാക്കി. 'ലിവ്-ഇന്‍ ബന്ധങ്ങളില്‍ സംഭവിക്കുന്നത് ഇതാണ്.
വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിക്കും, ഒടുവില്‍ പിരിയുമ്പോള്‍ സ്ത്രീ പുരുഷനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കും. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിലെ അനിശ്ചിതത്വങ്ങളാണിവ.' കോടതി കൂട്ടിചേര്‍ത്തു. വിവാഹബന്ധത്തിന്റെ നിയമപരമായ സുരക്ഷയില്ലായ്മ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകളെ കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന വ്യക്തികള്‍ വിവാഹത്തിന് പുറത്ത് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ പലവിധ അപകടസാധ്യതകളും അടങ്ങിയിട്ടുണ്ട്.
ഹര്‍ജിക്കാരിക്ക് 18 വയസ്സുള്ളപ്പോള്‍ പ്രതി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതി വിവാഹിതനായിരുന്നുവെന്ന കാര്യം യുവതി അറിഞ്ഞിരുന്നില്ലെന്നും വാദമുണ്ട്. എന്നാല്‍, എന്തുകൊണ്ട് വിവാഹത്തിന് മുന്‍പ് അയാളോടൊപ്പം താമസിക്കാനും കുട്ടിയെ പ്രസവിക്കാനും തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. പ്രതി ഇത്തരത്തില്‍ മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടെന്ന വാദത്തിന്, കോടതി ഇപ്പോള്‍ പരിഗണിക്കുന്നത് ഹര്‍ജിക്കാരിയുടെ കേസ് മാത്രമാണെന്ന് ജഡ്ജി മറുപടി നല്‍കി.
യുവതിയോട് കോടതി സഹതാപം പ്രകടിപ്പിക്കുകയും, കുട്ടിയുടെ ചെലവിനായി അവര്‍ക്ക് നിയമസഹായം തേടാമെന്നും അറിയിച്ചു. എന്നാല്‍ കോടതി ആവര്‍ത്തിച്ചു. 'ബന്ധം ഒരുപക്ഷേ അവിഹിതമായിരിക്കാം, പക്ഷേ ആ ബന്ധത്തില്‍ ജനിക്കുന്ന കുട്ടി അവിഹിതമല്ല. ഒരു വിവാഹബന്ധമായിരുന്നുവെങ്കില്‍ അവളുടെ അവകാശങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാകുമായിരുന്നു,' ജഡ്ജി നിരീക്ഷിച്ചു. വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാനും കോടതി കക്ഷികളോട് നിര്‍ദ്ദേശിച്ചു.






