ന്യൂഡല്‍ഹി: എഎപിയില്‍ ഇപ്പോള്‍ വിഷലിപ്തമായ തൊഴില്‍ അന്തരീക്ഷമാണെന്നും ജോലി ചെയ്യാനോ പാര്‍ലമെന്റില്‍ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും എഎപി വിട്ട് ബിജെപിയില്‍ എത്തിയ രാഘവ് ഛദ്ദ. താന്‍ ശരിയായ മനുഷ്യനാണെന്നും എന്നാല്‍ തെറ്റായ പാര്‍ട്ടിയിലായിരുന്നുവെന്നും പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്വേഷണ ഏജന്‍സികളെ ഭയന്നാണ് പാര്‍ട്ടി വിട്ടതെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ഭയം കൊണ്ടല്ല, മറിച്ച് നിരാശയും മടുപ്പും കാരണമാണ് പാര്‍ട്ടി വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മാത്രമല്ല, മറ്റ് ആറ് എംപിമാരും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ തെറ്റ് പറ്റാം, എന്നാല്‍ ഏഴു പേര്‍ക്കും ഒരേപോലെ തെറ്റ് പറ്റില്ല' എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി രക്തവും വിയര്‍പ്പും ഒഴുക്കിയ വ്യക്തിയാണ് താനെന്ന് ചദ്ദ പറഞ്ഞു. ചദ്ദയുടെ ഈ തീരുമാനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അദ്ദേഹം നേരിടുന്നത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം അദ്ദേഹത്തിന് 20 ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. താന്‍ ശരിയായ രാഷ്ട്രീയ പ്ലാറ്റ്ഫോം തിരഞ്ഞെടുത്തുവെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഉയര്‍ത്തുമെന്നും രാഘവ് ചദ്ദ അവകാശപ്പെടുന്നു.
രാഷ്ട്രീയ വഞ്ചന ആരോപിച്ച് വലിയൊരു വിഭാഗം ജനങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തുണ്ട്. ബിജെപിയെ 'ഗുണ്ടകളുടെ പാര്‍ട്ടി' എന്ന് രാഘവ് ചദ്ദ മുമ്പ് വിശേഷിപ്പിച്ച വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ യുവാക്കളായ വോട്ടര്‍മാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ചദ്ദയ്ക്കുണ്ടായിരുന്ന സ്വാധീനം എഎപിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.






