അണ്ഡോത്പാദനം (ovulation) ട്രാക്ക് ചെയ്യുന്നത് മുതല്‍ ഗര്‍ഭധാരണത്തിനുള്ള സപ്ലിമെന്റുകള്‍ വരെ, ഓരോന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. 30 വയസ്സ് തികയുമ്പോള്‍ ജൈവഘടികാരം (biological clock) വേഗത്തില്‍ ഓടുന്നു എന്ന പരമ്പരാഗതമായ ധാരണ കാരണം പലരിലും ഫെര്‍ട്ടിലിറ്റിയെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാകാറുണ്ട്. പ്രായത്തിനനുസരിച്ച് ഫെര്‍ട്ടിലിറ്റിയില്‍ മാറ്റങ്ങള്‍ വരുന്നു എന്നത് സത്യമാണെങ്കിലും, അത് പെട്ടെന്ന് ഇല്ലാതാകുന്ന ഒരു പ്രതിഭാസമല്ല.
ഇന്ന് 30-കളിലും 35-നു ശേഷവും ധാരാളം സ്ത്രീകള്‍ വിജയകരമായി ഗര്‍ഭം ധരിക്കുന്നുണ്ട്. ഫെര്‍ട്ടിലിറ്റി യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും, എപ്പോഴാണ് കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതെന്നും മനസ്സിലാക്കുന്നത് അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാന്‍ സഹായിക്കും. ഫെര്‍ട്ടിലിറ്റി ചികിത്സയിലും ഗര്‍ഭധാരണത്തിലും വൈദഗ്ധ്യമുള്ള പ്രസവചികിത്സകയും (obstetrician) ഗൈനക്കോളജിസ്റ്റുമായ ഡോ. മേരി ലീ, എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില വിവരങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
1. അണ്ഡോത്പാദനം ട്രാക്ക് ചെയ്യുക (Track ovulation) - ഡോ. ലീയുടെ അഭിപ്രായത്തില്‍, മിക്ക സ്ത്രീകള്‍ക്കും അവരുടെ ആര്‍ത്തവചക്രത്തിന്റെ 14-ാം ദിവസത്തിലല്ല അണ്ഡോത്പാദനം (ovulation) നടക്കുന്നത്. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ അണ്ഡോത്പാദന ദിവസം കൃത്യമായി ട്രാക്ക് ചെയ്യുന്നത് ശരീരത്തെയും ഫെര്‍ട്ടിലിറ്റിയെയും നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. അവര്‍ പറയുന്നു: 'മിക്ക സ്ത്രീകള്‍ക്കും 14-ാം ദിവസം അണ്ഡോത്പാദനം നടക്കാറില്ല. നിങ്ങളുടെ യഥാര്‍ത്ഥ അണ്ഡോത്പാദന ദിവസം കണ്ടെത്തുന്നത് ശരീരത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ്. ഒരു ക്ലിനിക്കിന്റെ സഹായത്തോടെ ഇത് കൃത്യമായി ട്രാക്ക് ചെയ്യാം.'
2. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക (Manage stress) - മാനസിക സമ്മര്‍ദ്ദം വന്ധ്യതയ്ക്ക് നേരിട്ട് കാരണമാകുന്നില്ലെങ്കിലും, വിട്ടുമാറാത്ത കടുത്ത സമ്മര്‍ദ്ദം ആര്‍ത്തവചക്രത്തെ തകിടം മറിച്ചേക്കാം എന്ന് ഡോ. ലീ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സമയമായി എന്ന ശരീരത്തിന്റെ ലക്ഷണമാണിത്. 'സമ്മര്‍ദ്ദം വന്ധ്യതയ്ക്ക് കാരണമാകുന്നില്ല, എന്നാല്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആര്‍ത്തവചക്രത്തെ ബാധിക്കും. അത് നിങ്ങളുടെ ശരീരം തരുന്ന ഒരു സൂചനയാണ്.'
3. ഗര്‍ഭകാലത്തെ ഫോളിക് ആസിഡ് (Folic acid in pregnancy) - ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിച്ചുതുടങ്ങാന്‍ ഡോ. ലീ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭാവസ്ഥയുടെ ആദ്യ നാല് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ (നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ്) കുഞ്ഞിന്റെ നാഡീവ്യൂഹം (neural tube) രൂപപ്പെടുന്നു. 'ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും ഫോളിക് ആസിഡ് കഴിച്ചുതുടങ്ങുക. നിങ്ങള്‍ ഗര്‍ഭവിവരം അറിയുന്നതിന് മുമ്പ് തന്നെ, ആദ്യ നാല് ആഴ്ചകളില്‍ കുഞ്ഞിന്റെ നാഡീവ്യൂഹം അടയുന്നു.'
4. ആര്‍ത്തവവിരാമത്തിന്റെ സമയം (Menopause timing) - ഒരു സ്ത്രീയുടെ ആര്‍ത്തവവിരാമം (menopause) എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാന്‍ കുടുംബ പശ്ചാത്തലം സഹായിക്കും. അമ്മയ്ക്ക് ഏത് പ്രായത്തിലാണ് ആര്‍ത്തവവിരാമം സംഭവിച്ചത് എന്ന് അറിയുന്നത് നിങ്ങളുടെ അണ്ഡാശയ കരുതല്‍ ശേഷിയെയും (ovarian reserve) പ്രത്യുത്പാദന സമയക്രമത്തെയും മനസ്സിലാക്കാന്‍ സഹായിക്കും. 'അമ്മയ്ക്ക് ആര്‍ത്തവവിരാമം വന്ന പ്രായം പ്രധാനമാണ്. ഇത് പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങളുടെ അണ്ഡാശയ ശേഷിയെക്കുറിച്ച് ഇത് ഒരു സൂചന നല്‍കുന്നു.'
5. കൃത്യമായ ആര്‍ത്തവം അണ്ഡോത്പാദനം ഉറപ്പാക്കുന്നില്ല (Regular cycle doens't ensure ovulation) - ആര്‍ത്തവചക്രം കൃത്യമാണെന്നത് കൊണ്ട് മാത്രം കൃത്യമായി അണ്ഡോത്പാദനം നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആര്‍ത്തവത്തിന്റെ ക്രമം മാത്രം നോക്കാതെ അണ്ഡോത്പാദനം കൃത്യമായി ട്രാക്ക് ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. 'കൃത്യമായ ആര്‍ത്തവചക്രം ഉണ്ടെന്നത് കൊണ്ട് നിങ്ങള്‍ സാധാരണ രീതിയില്‍ ഓവുലേറ്റ് ചെയ്യുന്നുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. അത് അറിയാന്‍ കൃത്യമായി ട്രാക്ക് ചെയ്യുക തന്നെ വേണം.'
6. ബീജത്തിന്റെ ഗുണനിലവാരം പ്രധാനമാണ് (Sperm quality matters) - ബീജം വികസിക്കാന്‍ ഏകദേശം മൂന്ന് മാസമെടുക്കും. അതുകൊണ്ട് ഈ കാലയളവിലെ പങ്കാളിയുടെ ജീവിതശൈലി ബീജത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. മോശം ഭക്ഷണക്രമം, പുകവലി, അമിത മദ്യപാനം എന്നിവ ബീജത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ഗര്‍ഭധാരണ തടസ്സങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. 'ബീജം വികസിക്കാന്‍ മൂന്ന് മാസമെടുക്കും. അതിനാല്‍ നിങ്ങളുടെ പങ്കാളിയുടെ ഇപ്പോഴത്തെ ജീവിതശൈലിയുടെ ഫലം മൂന്ന് മാസത്തിന് ശേഷമുള്ള ബീജത്തിന്റെ ഗുണനിലവാരത്തില്‍ കാണാം.'
7. അണ്ഡത്തിന്റെ ഗുണനിലവാരവും ജീവിതശൈലിയും (Egg quality and lifestyle) - ബീജത്തെപ്പോലെ തന്നെ അണ്ഡം പൂര്‍ണ്ണമായി പക്വത പ്രാപിക്കാനും (mature ആകാന്‍) ഏകദേശം മൂന്ന് മാസമെടുക്കും. ഈ സമയത്തെ നിങ്ങളുടെ ജീവിതശൈലി അണ്ഡത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. 'അണ്ഡങ്ങള്‍ പൂര്‍ണ്ണമായി പക്വത പ്രാപിക്കാന്‍ മൂന്ന് മാസമെടുക്കും, അതായത് നിങ്ങളുടെ പങ്കാളിയുടെ ജീവിതശൈലി പോലെ തന്നെ നിങ്ങളുടെ ജീവിതശൈലിയും പ്രധാനമാണ്.'
8. 35-ാം വയസ്സില്‍ ഫെര്‍ട്ടിലിറ്റി കുറയുന്നതിന്റെ വേഗത കൂടുന്നു (Fertility decline accelerates at 35) - 35-ാം വയസ്സില്‍ ഫെര്‍ട്ടിലിറ്റി പെട്ടെന്ന് ഇല്ലാതാകുന്നില്ലെന്ന് ഡോ. ലീ വ്യക്തമാക്കുന്നു. എന്നാല്‍, ആ പ്രായം മുതല്‍ കുറയുന്നതിന്റെ വേഗത വര്‍ദ്ധിക്കുന്നു. '35-ല്‍ ഫെര്‍ട്ടിലിറ്റി പെട്ടെന്ന് താഴേക്ക് പതിക്കുന്നില്ല. പക്ഷേ കുറയുന്നതിന്റെ വേഗത കൂടുന്നു. 33 വയസ്സും 37 വയസ്സും തമ്മിലുള്ള വ്യത്യാസം പല സ്ത്രീകളും പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും.'
9. ഗര്‍ഭധാരണത്തിനുള്ള സപ്ലിമെന്റുകള്‍ (Supplements for conception) - ഗര്‍ഭധാരണത്തെ സഹായിക്കുന്ന സപ്ലിമെന്റുകള്‍ കുഞ്ഞിനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും ആരംഭിക്കണം. ഗര്‍ഭ പരിശോധന പോസിറ്റീവ് ആയതിന് ശേഷം ഇവ കഴിച്ചുതുടങ്ങുന്നത് അത്ര ഫലപ്രദമാകില്ല. 'ഗര്‍ഭധാരണത്തിനായി കഴിക്കുന്ന ഏതൊരു സപ്ലിമെന്റും ഫലം തരാന്‍ മൂന്ന് മാസമെടുക്കും. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ ശേഷം കഴിച്ചു തുടങ്ങിയാല്‍ അത് ഉദ്ദേശിച്ച ഫലം നല്‍കില്ല.'
10. നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ബേസ്ലൈന്‍ അറിയുക (Know your fertility baseline) - 30 വയസ്സാകുമ്പോഴേക്കും നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ബേസ്ലൈന്‍ (അടിസ്ഥാന പ്രത്യുത്പാദന ശേഷി) പരിശോധിക്കാന്‍ ഡോ. ലീ നിര്‍ദ്ദേശിക്കുന്നു. കാരണം പ്രായം കൂടുന്തോറും മുന്നിലുള്ള ചികിത്സാ മാര്‍ഗ്ഗങ്ങള്‍ പരിമിതമായി വരാം. '30-ാം വയസ്സില്‍ നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ബേസ്ലൈന്‍ പരിശോധിക്കുക. 36 വയസ്സിലുള്ളതിനേക്കാള്‍ കൂടുതല്‍ അവസരങ്ങളും ഓപ്ഷനുകളും ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.'






