ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയത്തെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.
വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന 'കെയർവെൽ' ഗ്രൂപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയുൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനിടെ നേതാക്കളുടെ യാത്രാചെലവിനായി പാർട്ടി ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിന്റെ ഭാഗമായാണ് നടപടി. തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും ഏകദേശം 160 കോടി രൂപ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.
ഈ തുക ഉപയോഗിച്ച് എംബ്രയർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായും, ഹെലികോപ്റ്റർ വാങ്ങാൻ കേമാൻ ഐലൻഡ്സ് ആസ്ഥാനമായ സ്ഥാപനത്തിൽ നിന്ന് 1.7 ദശലക്ഷം യുഎസ് ഡോളർ സുരക്ഷിതമല്ലാത്ത വായ്പ ലഭ്യമാക്കിയതായും ഇഡി ആരോപിച്ചു.






