കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ഒരു മാസം കൂടി സമയം അനുവദിച്ച കോടതി, അന്വേഷണസംഘത്തിന് നൽകുന്ന അവസാന അവസരമാണിതെന്നും വ്യക്തമാക്കി. കേസിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കിയ കേസുകളിൽ ഇതുവരെ ഒരെണ്ണത്തിൽ മാത്രമാണ് അന്വേഷണം പൂർത്തിയായത്.
ഇതിനിടെ, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതിയിൽ കോടതിയും അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേസിലെ കക്ഷിയായ എം.എസ്. അനിൽ ഹർജി സമർപ്പിച്ചത്.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അന്വേഷണം അനാവശ്യമായി നീളുകയാണെന്നും നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ല മുന്നേറുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.






