മെദക്: തെലങ്കാനയില്‍ നടന്ന ഒുര വിചിത്രസംഭവത്തില്‍ ജാതിമറന്ന് വിവാഹിതരായതിന് പിന്നാലെ നവവധുവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലെ പാപന്നപേട്ട് ഗ്രാമത്തിലാണ് വിവാദസംഭവം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
പാപന്നപേട്ട് മണ്ഡലിലെ എല്ലാപൂര്‍ ഗ്രാമവാസിയായ പ്രണയും, കൗഡിപ്പള്ളി മണ്ഡലിലെ സലാബത്പൂര്‍ ഗ്രാമത്തിലെ യുവതിയും തമ്മില്‍ ജൂലൈ 6-നായിരുന്നു വിവാഹം. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതാണെങ്കിലും, വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വധുവിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പ്രാദേശിക പോലീസിനെ സമീപിച്ചിരുന്നു.
പോലീസ് ഇരുവിഭാഗം കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയ ശേഷം ദമ്പതികളെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചു. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുവതി പോലീസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രണയന്റെ മാതാവ് ശ്യാമള നല്‍കുന്ന വിവരമനുസരിച്ച്, വിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ ആദ്യം വരന്റെ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു.
രണ്ട് ദിവസത്തിന് ശേഷം വരന്റെ വീട്ടില്‍ അധികം ആള്‍ക്കാര്‍ ഇല്ലാതിരുന്ന സമയത്ത് നാല് കാറുകളിലായി ഇവര്‍ എല്ലാപൂരിലെ വീട്ടിലെത്തി. മാതാവ് ശ്യാമളയെ തള്ളിമാറ്റുകയും സ്ഥലത്ത് ഉണ്ടായിരുന്ന ആള്‍ക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രണയന്റെ കുടുംബം ആരോപിക്കുന്നു.
യുവതിയെ കണ്ടെത്താനും അവരുടെ യഥാര്‍ത്ഥ താല്പര്യം എന്താണെന്ന് വ്യക്തമാക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് കൊണ്ടുപോയതെന്ന് തെളിഞ്ഞാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






