കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ നടന്നത് തുരങ്കമുഖത്തല്ലെന്നും മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും കൊങ്കണ്‍ പറയുന്നു.
ദുരന്തത്തിന് കാരണമായത് മലയിടിച്ചിലാണ്. ശാസ്ത്രീയമായിട്ടാണ് തുരങ്ക നിര്‍മ്മാണത്തിനായുള്ള മണ്ണെടുപ്പ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. 110 മീറ്റര്‍ ഉയരത്തിലാണ് മണ്ണിടിച്ചില്‍ സഗഭവിച്ചതെന്നും കൊങ്കണ്‍ റെയില്‍വേ അവകാശപ്പെട്ടു. നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമായാണ് നടന്നത്. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണെന്നും പറഞ്ഞു.
മണ്ണ് കൂട്ടിയിട്ടിരുന്നതും അശാസ്ത്രീയമായ നിര്‍മ്മാണരീതിയുമാണ് ദുരന്തത്തിന് കാരണമായെന്ന സര്‍ക്കാര്‍ വാദമാണ് കൊങ്കണ്‍ റെയില്‍വേ തള്ളിയിരിക്കുന്നത്. അതിനിടയില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. കരാര്‍ കമ്പനി മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇക്കാരയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.






