തിരുവനന്തപുരം: പിണറായി സർക്കാർ അവതരിപ്പിച്ച ആഗോള അയ്യപ്പസംഗമം ഇനി മുതൽ ഉണ്ടാവില്ല. ശബരിമല അയ്യപ്പന് പരസ്യം ആവശ്യമില്ല എന്നും ഇനി മുതൽ ആഗോള അയ്യപ്പ സംഗമം ഉണ്ടായിരിക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ, ജയകുമാർ പറഞ്ഞു. ശബരിമല തീർത്ഥാടനം കാര്യക്ഷമമാക്കുന്നതിനായി വിപുലമായ പരിഷ്കാരങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.
ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ ഐ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീർത്ഥാടന കാലയളവിൽ ക്യൂവിൽ കാത്തുനിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്താനും നടപടിയുണ്ടാകും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ കേരള സദ്യ നൽകുമെന്നും ജയകുമാർ വ്യക്തമാക്കി.
ഈ സീസൺ മുതൽ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ചകൾ നടത്തും. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. ഇതിനായി വെർച്വൽ ക്യൂ ടിക്കറ്റിന് ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്ന് തുക കണ്ടെത്തും. സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും.
സന്നിധാനത്തെ 690 മുറികളിൽ 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാൻ സാധിക്കും. ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ അനുമതിയോടെ കൂടി 60 മുറികൾ കൂടി പുതിയതായി നിർമ്മിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.






