
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാൻ സഹായവുമായി ഇന്ത്യ. പ്രത്യേക ഫോറൻസിക് സംഘത്തെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. 11 ടൺ ദുരിതാശ്വാസ സാമഗ്രികളും മാനവിക സഹായങ്ങളുമായി എത്തിയ നാലാമത്തെ ഇന്ത്യൻ വിമാനത്തിലാണ് സംഘം കാഠ്മണ്ഡുവിലെത്തിയത്.
നേപ്പാൾ ദുരന്ത നിവാരണ സേനയുമായി സഹകരിച്ച് ഫോറൻസിക് സംഘം ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ എന്നിവയാണ് ഇന്ത്യ എത്തിച്ച പ്രധാന ദുരിതാശ്വാസ സാമഗ്രികൾ. തുരങ്ക നിർമാണത്തിലെ സാങ്കേതിക വിദഗ്ധരും രക്ഷാപ്രവർത്തന ഉപകരണങ്ങളുമായുള്ള സംഘവും വിമാനത്തിലുണ്ടായിരുന്നു.
റസുവയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഇന്ത്യൻ സഹായം ഉപകരിക്കുമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ പറഞ്ഞു. ദുരന്തബാധിത മേഖലകളിൽ നേപ്പാളിന് ആവശ്യമായ പിന്തുണ തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.






