ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന് സുപ്രീം കോടതയില്‍ തിരിച്ചടി. എന്‍. ശ്രീനിവാസന് ഐ.സി.സി യോഗത്തില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഐ.പി.എല്‍ കോഴ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് എന്‍. ശ്രീനിവാസനെതിരായ സുപ്രീം കോടതി വിധി. അയോഗ്യത കല്‍പ്പിക്കപ്പെട്ട ശ്രീനിവാസന് ബി.സി.സി.ഐയെ പ്രതിനിധീകരിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത തേടി താല്‍ക്കാലിക ഭരണസമിതിയാണ് കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 24ന് നടക്കുന്ന ഐ.സി.സി മീറ്റിംഗില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ആക്റ്റിംഗ് സെക്രട്ടറി അമിതാബ് ചൗധരിക്ക് സുപ്രീം കോടതി അനുമതി നല്കി. ചൗധരിക്കൊപ്പം ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കും ഐ.സി.സി യോഗത്തില്‍ പങ്കെടുക്കാം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കറും ഡി.വൈ ചന്ദ്രചൂഡും ബെഞ്ചിലുണ്ട്.
ബി.സി.സി.ഐയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെയും ഭാരവാഹിത്വം വഹിക്കുന്നതിന് അയോഗ്യതയുള്ളയാളെ ഐ.സി.സി യോഗത്തിലേക്ക് നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഏപ്രില്‍ 10ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.






