
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തിൽ റെക്കോർഡ് വർദ്ധന. സ്ത്രീ വോട്ടർമാരുടെ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ വോട്ടർമാരിൽ 81.19 ശതമാനം പേരും വോട്ട് ചെയ്തു. . മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതൽ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകൾ കൂട്ടത്തോടെ ബൂത്തിലെത്താൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നൽകിയ കണക്കനുസരിച്ച് ആകെയുളള 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേർ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ-പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം തമ്മിൽ ആറ് ശതമാനത്തിൻ്റെ വ്യത്യാസമുണ്ട്. വോട്ട് കണക്ക് നോക്കിയാൽ പുരുഷ വോട്ടർമാരേക്കാൾ 13.6 ലക്ഷം കൂടുതൽ സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തതായി കണാം. സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം 80ന് മുകളിൽ പോയത് ഇതിന് മുമ്പ് ആകെ 1987ൽ മാത്രമാണ്. 80.58 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് അന്ന് ബൂത്തിലെത്തിയത്. പുരുഷ-സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനക്കണക്ക് തമ്മിൽ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമായാണ്.
എൽഡിഎഫ് സർക്കാർ നേട്ടമായി അവതരിപ്പിച്ച ക്ഷേമപെൻഷൻ മുതൽ ഇന്ദിരാ ഗ്യാരന്‍റിയിലൂടെ വനിതകളെ ആകർഷിക്കാനുളള യുഡിഎഫിൻ്റെ വിവിധയിനം പദ്ധതികൾ വരെ സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങൾ നിരവധിയായിരുന്നു. അൻപത് ശതമാനം സ്ത്രീകൾക്കും തൊഴിൽ, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, 35നും അറുപതിനും ഇടയിൽ പ്രായമുളള മറ്റ് ആനുകൂല്യങ്ങൾ കിട്ടാത്ത സ്ത്രീകൾക്കായി പ്രഖ്യാപിച്ച പെൻഷൻ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ സ്ത്രീവോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.






