Authored by Web Desk | Last updated: 20 Apr 2017, 4:04 PM | 3 min read
എസ്രയെന്ന ചിത്രം കണ്ടവരാരും റോസിയെ മറക്കില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ സുന്ദരി ആന്‍ ശീതളിന്റെ വാക്കുകളിലൂടെ...
എസ്ര കണ്ടിറങ്ങുമ്പോള്‍ ഏതൊരു സിനിമാസ്വാദകന്റെയും മനസ്സില്‍ നൊമ്പരമുയര്ത്തുന്നൊരു കഥാപാത്രമാണ് റോസി.
കടുത്ത ചമയങ്ങളോ, അതിഭാവുകത്വമോ ഇല്ലാതെ റോസിയെ വെള്ളിത്തിരയിലേക്കെത്തിച്ചത് ആന്‍ ശീതളെന്ന മിടുക്കിയാണ്. ആദ്യ സിനിമയെക്കുറിച്ചും ഈസ്റ്റര്‍ വിശേഷങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ആന്‍.
മറക്കാനാവാത്ത ഈസ്റ്റര്‍ അനുഭവം ?
എല്ലാ ഈസ്റ്ററും എനിക്ക് സ്പെഷ്യലാണ്. നല്ല ഭക്ഷണമുണ്ടാക്കുകയും ഈസ്റ്റര്‍ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. പാചകത്തില്‍ അത്ര പരിചയമില്ലെങ്കിലും ഞാനും ചില പരീക്ഷണങ്ങളൊക്കെ ചെയ്യാറുണ്ട്.
എല്ലാ വിശേഷദിവസവും കുടുംബത്തോടൊപ്പവും എന്റെ സുഹൃത്തുക്കള്‍ക്കൊപ്പവും ചെലവഴിക്കാനാണ് എനിക്കിഷ്ടം. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ഇത്തവണത്തെ ഈസ്റ്റര്‍.
എസ്രയിലെ റോസിയായതെങ്ങനെ ?
എസ്രയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ അഞ്ജുച്ചേച്ചിയാണ് എന്നെ ആദ്യം വിളിച്ചത്. എസ്രയില്‍ റോസിയെന്നൊരു കഥാപാത്രമുണ്ട്. ആനിന് ചെയ്യാന്‍ താല്പര്യമുണ്ടോ?എന്ന് ചോദിച്ചു. താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഓഡിഷന് വിളിച്ചത്.
ഓഡിഷനെത്തിയപ്പോള്‍ തന്നെ റോസിയെന്ന കഥാപാത്രത്തെക്കുറിച്ചെന്നോട് പറഞ്ഞു. ഒരു പാവം പെണ്‍കുട്ടി, അവളുടെ ജീവിതത്തിലുണ്ടാകുന്ന വലിയൊരു പ്രശ്നമാണ് എസ്രയില്‍ കാണിക്കുന്നത്.
സുദേവ് നായരായിരുന്നല്ലോ നായകന് ?
സത്യത്തില്‍ സുദേവാണ് എന്റെ നായകനെന്നറിയില്ലായിരുന്നു. കഥാപാത്രത്തെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്. സെറ്റിലെത്തിയപ്പോഴാണ് അതെക്കുറിച്ച് അറിയുന്നത്.
എനിക്കൊരുപാട് സന്തോഷമായി. കാരണം ആദ്യ സിനിമയില്‍ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവിനൊപ്പം അഭിനയിക്കാന്‍ സാധിച്ചല്ലോ. വളരെ നല്ല എക്സ്പീരിയന്‍സായിരുന്നു. പക്വതയുള്ളൊരു അഭിനേതാവാണ് അദ്ദേഹം.
അഭിനയവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. അഭിനേതാവെന്നതിലുപരി മികച്ചൊരു വ്യക്തിത്വത്തിനുടമയാണ് സുദേവ് നായര്‍.
ആന്‍ ശീതളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തയാണ് റോസി. എങ്ങനെയായിരുന്നു റോസിയിലേക്കുള്ള മാറ്റം?
ആന്‍ ശീതളും റോസിയും വളരെ വ്യത്യസ്തരാണ്. റോസിയായെന്നെ തെരഞ്ഞെടുക്കുമ്പോള്‍ സംവിധായകന് ജയകൃഷ്ണന് സാര്‍ എന്നോട് പറഞ്ഞത് ആനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് റോസി എന്നാണ്.
നാല്പതുകളില് ജീവിച്ചിരുന്ന ഒരു തനിനാടന്‍ പെണ്‍കുട്ടി. ജയകൃഷ്ണന് സാര്‍ പറഞ്ഞപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു ഐഡിയ ഉണ്ടായിരുന്നു.
കൂടാതെ എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ചോദിച്ചു. അന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ എങ്ങനെയായിരുന്നു, അവരുടെ സംസാരരീതി, ജീവിതരീതി ഇവയൊക്കെ. ഷൂട്ടിംഗ് ആയപ്പോഴേക്കും പുരികം ത്രെഡ് ചെയ്യാതെ നന്നായി വളര്‍ത്തി ബ്ലൗസും മുണ്ടുമണിഞ്ഞ് ഞാന്‍ റോസിയായി.
സിനിമയോടായിരുന്നോ താല്പര്യം ?
കലാപരമായി എന്തെങ്കിലും ചെയ്യണമെന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ചിത്രം വരയ്ക്കാറുണ്ട്. അതിനിടയിക്കാണ് അഭിനയം പഠിക്കണമെന്ന് ആഗ്രഹം തോന്നിയത്.
പഠനത്തിന് ശേഷമാണ് എസ്രയില്‍ ഓഫര്‍ വന്നത്. സിനിമയും കഥാപാത്രവും എനിക്കിഷ്ടപ്പെട്ടതുകൊണ്ട് ഒരു കൈ നോക്കാമെന്ന് കരുതി. എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും എസ്രയിലെ കഥാപാത്രം ഇഷ്ടമായി.
അച്ഛന് ആര്‍മി ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം. കോളജ് വിദ്യാഭ്യാസം കേരളത്തിലായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചത്.
അതിന് ശേഷം മുംബൈയിലെ ബാരിജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ നിന്നു അഭിനയം പഠിച്ചു. ഡിഗ്രിക്ക് ശേഷം മാത്രം അഭിനയത്തിന് പ്രാധാന്യം നല്കിയാല് മതിയെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. ഇപ്പോള്‍ കൊച്ചി തോപ്പുംപടിയില്‍ കുടുംബത്തോടൊപ്പമാണ് എന്റെ താമസം.
എസ്രയുടെ സെറ്റില്‍ പ്രേതബാധയുണ്ട് എന്നൊരു വാര്‍ത്ത കേട്ടിരുന്നു. അതിലെന്തെങ്കിലും സത്യമുണ്ടോ ?
ഉണ്ട്. എസ്രയിലെ പ്രധാനഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്ത വീട്ടിലാണ് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായത്. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ക്യാമറ കേടാവുക, ജനറേറ്റര്‍ തനിയെ ഓഫാവുക, പ്രാര്‍ത്ഥിക്കുന്ന സമയത്ത് ലൈറ്റ് മിന്നുകയും കത്തുകയും ചെയ്യുക.
അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായി. അതിനെല്ലാം പരിഹാരമെന്നോണം പള്ളിലച്ചന് സെറ്റിലെത്തുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഇത്തരം ഒരു അനുഭവം ആദ്യമാണ്. ഞാന്‍ ദൈവവിശ്വാസിയാണ്. ദൈവമുള്ള നിലയ്ക്ക് ഒരു നെഗറ്റീവ് എര്ജിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ പ്രേതം, പിശാച് ഇവയൊക്കെ ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടില്ല.
എസ്ര കണ്ടപ്പോള്‍ റോസിയെന്ന പെണ്‍കുട്ടിയെ മാത്രമാണ് ഞാന്‍ കണ്ടത്. ഒരു ഷോട്ടില്‍ പോലും ഞാന്‍ എന്നെ കണ്ടില്ല. റോസി എസ്രയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. പക്ഷേ സിനിമ ഇറങ്ങും മുന്‍പ് ഞാന്‍ ഈ ചിത്രത്തിലുണ്ടെന്ന വിവരം പുറത്ത് വിട്ടിരുന്നില്ല. ഒരു സസ്പെന്‍സ് കഥാപാത്രമാണ് റോസി.
റിലീസ് ദിവസം വരെ ഞാന്‍ ടെന്‍ഷനിലായിരുന്നു. ആദ്യമായി ചെയ്യുന്ന ചിത്രം, ഈ സിനിമ കാണുന്നവര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ? എന്റെ അഭിനയം നന്നായിരിക്കുമോ? എന്നൊക്കെയുള്ള ഭയമായിരുന്നു എന്റെയുള്ളില്‍. പക്ഷേ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആ പേടിയെല്ലാം പോയി.
ഇത്തവണത്തെ ഈസ്റ്ററും വിഷുവും വളരെ സ്പെഷ്യല്‍ ആയിരിക്കുമല്ലോ ?
പക്ഷേ വലിയ മാറ്റമുണ്ടായെന്ന് എനിക്ക് തോന്നുന്നില്ല. ജീവിതം പഴയതുപോലെ തന്നെ. എങ്കിലും ഇത്തവണത്തെ ഈസ്റ്ററും വിഷുവും വളരെ വിശേഷപ്പെട്ടതു തന്നെ.
എസ്ര കണ്ട് ഒരുപാട് പേര് സോഷ്യല്‍ മീഡിയയിലൂടെ എന്നെ അഭിനന്ദിക്കുന്നുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. അവരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കൊപ്പമുണ്ട്.
പുറത്തുപോകുമ്പോള്‍ ഇപ്പോഴും പലര്‍ക്കും അറിയില്ല ഞാനാണ് റോസിയായി അഭിനയിച്ചതെന്ന്. അടുത്തിടെ ഞാന്‍ ഒരു മാളില്‍ പോയി. നല്ല തിരക്കുണ്ടായിരുന്നു. പക്ഷേ ആര്‍ക്കുമെന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല. അതുകൊണ്ട് കൂളായി നടക്കാം.
സൗഹൃദങ്ങള്ക്ക്് പ്രാധാന്യം നല്കുന്ന വ്യക്തിയാണെന്ന് തോന്നുന്നു ?
അതെ. ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട.് എന്റെ കുടുംബത്തേപ്പോലെ തന്നെ പ്രാധാന്യം സുഹൃത്തുക്കള്‍ക്കും കൊടുക്കാറുണ്ട്. സ്നേഹബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നൊരു വ്യക്തിയാണ് ഞാന്‍.
ദുല്‍ഖറിന്റെ നായികയായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് കേട്ടല്ലോ ?
അതെ. സലാം ബുഖാരിയാണ് സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസത്തില്‍ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ല.
എന്തായാലും മലയാളസിനിമയിലൂടെ മികച്ച അവസരങ്ങള്‍ എന്നെത്തേടിയെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഭാവിപരിപാടികള്‍ ?
ഞാനങ്ങനെ ഭാവിയെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. പക്ഷേ മികച്ച സിനിമയുടെ ഭാഗമാവണമെന്നും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നും എനിക്കാഗ്രഹമുണ്ട്. അതിനുള്ള ഭാഗ്യം ദൈവം എനിക്ക് തരട്ടെ.
അഭിനയത്തോടല്ലാതെ മറ്റെന്തെങ്കിലും ഇഷ്ടമുണ്ടോ ?
ഫോട്ടോഗ്രാഫിയോടാണ് കൂടുതല്‍ ഇഷ്ടം. ചിത്രം വരയ്ക്കാന്‍ താല്പര്യമാണ്. യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. സാഹസിക യാത്രകളോടാണ് കൂടുതല്‍ പ്രിയം. അതും ലോങ് ട്രിപ്പ്.