
’ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വെള്ളാരം കണ്ണുള്ള നായിക, ശാരി. നിമ്മിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സാലിയായും, പിന്നീട് പ്രണയം നിറയ്ക്കുന്ന സോഫിയയായും, തട്ടാന്‍ ഭാസ്കരന്റെ മനസ്സറിയുന്ന നൃത്താധ്യാപികയായുമൊക്കെ ആ വെള്ളാരം കണ്ണുകള്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടി. വെള്ളാരം കണ്ണുകളും നുണക്കുഴികളുമാണ് പപ്പേട്ടന്‍ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശാരി പറയുമ്പോള്‍ ഇന്നുമത് സത്യമെന്ന് പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടയ്ക്കിടയ്ക്ക് ശാരി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ജന ഗണ മന എന്ന സിനിമയിലെ ശക്തയായ അമ്മവേഷത്തിലൂടെ ശാരി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. മംഗളം ഓണ്‍ലൈനിനോട് ശാരി മനസ്സു തുറക്കുകയാണ്, കടന്നു വന്ന വഴികളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും, സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം...
ജന ഗണ മന എന്ന സിനിമ തുടങ്ങുന്നത് തന്നെ സബാന എന്ന അമ്മ കഥാപാത്രത്തിന്റെ തേങ്ങലിലൂടെയാണ്. ഇത്ര വലിയൊരു സ്വീകാര്യത ആ സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്നോ ?
ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. പക്ഷേ ഇത്രമാത്രം ഉണ്ടാകുമെന്ന് ആരും ഓർത്തിരുന്നില്ല. ഞങ്ങളുടെ ടീമിന്റെ ഹാര്‍ഡ് വര്‍ക്കാണിത്. രണ്ടു വര്‍ഷമായി സംവിധായകന്‍ ഡിജോയുടെ മുഴവുന്‍സമയവും ഈ സിനിമയ്ക്കു വേണ്ടി മാറ്റി വച്ചതാണ്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കും വേണ്ടി ഒരുപാട് സമയം ചെലവഴിച്ചു. സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മുഴുവന്‍ ടീമിനുള്ളതാണ്. ഞാനുമതിന്റെ ഭാഗമായി. എന്റെ ടീമിന്റെ വിജയം കണ്ടിട്ട് ഞാനും വളരെ സന്തോഷത്തിലാണ്.
വളരെ ശക്തയായ ഒരു അമ്മ കഥാപാത്രമായിരുന്നല്ലോ... ആ ഉത്തരവാദിത്തം ഒരു ടെൻഷൻ ആയിരുന്നോ ?
ഈ കഥാപാത്രത്തെക്കുറിച്ച് ഡിജോ എന്നെ വിളിച്ചു പറഞ്ഞപ്പോഴേ എനിക്കത് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയൊരു കഥാപാത്രം ഞാനിതുവരെ ഒരു ഭാഷയിലും ചെയ്തിട്ടില്ല. വളരെ സ്ട്രോങ്ങ്, ബോൾഡ് ലേഡിയാണ് ഈ അമ്മ. കോടതി മുറിയിൽ ജഡ്ജ് പോലും ഈ അമ്മയുടെ വാക്കുകൾ കേട്ട് അല്‍പ്പം സെന്റിമെന്റലാകുന്നുണ്ട്. ആ കഥാപാത്രം കടന്നു പോകുന്ന ഓരോ സ്വീകന്‍സുകളും ഡിജോ എന്നോട് പറഞ്ഞിരുന്നു. പിന്നെ പൃഥ്വിരാജ്, സുരാജ്, മംമ്ത എന്നിങ്ങനെയുള്ള ഒരു ടീം കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ പ്രോജക്ടിനോ ഇഷ്ടം കൂടി. എന്റെ കം ബാക് മൂവി ഇത് തന്നെ ആകണം എന്ന് തോന്നി. ദൈവാനുഗ്രഹം കൊണ്ട് സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
സബാന എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ഏറ്റവും ആകര്‍ഷകമായി തോന്നിയത് എന്തായിരുന്നു ?
ഡിജോ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ ഒരു വിധം ഉണ്ടല്ലോ, ആ രീതി... അതാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ തന്നെ ഞാനതുമായി കണക്റ്റെഡായി, വിഷ്വലി എനിക്കത് കാണാൻ പറ്റി. സാധാരണ ഒരു കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ കൊള്ളാം എന്ന് തോന്നാറുണ്ട്. പക്ഷേ ഇതതിലും അപ്പുറമായിരുന്നു. മാനസികമായി ഒരു അടുപ്പം സബാനയോടു തോന്നി. പിന്നെ ഈ അമ്മയുടെ പേരിൽ നിന്നാണ് മക്കളായ സബയുടെയും സനയുടെയും പേര് വന്നത് എന്നൊക്കെ ഡീജോ പറഞ്ഞു. അതൊക്കെ കഥാപാത്രവുമായി അടുപ്പം തോന്നാനുള്ള കാരണങ്ങളായി. കഥ മുഴുവനായി കേട്ടപ്പോള്‍ ഈ തിരക്കഥയില്‍ എന്തോ ഒരു പ്രത്യേകതയുണ്ടെന്നും, ഞാനിത് മിസ്സ് ചെയ്യാന്‍ പാടില്ലെന്നും, എന്റെ തിരിച്ചുവരവിന് ഇതൊരു നല്ല അവസരമാണെന്നും എന്റെ മനസ്സില്‍ തോന്നി. അതുകൊണ്ടാണ് യെസ് പറഞ്ഞത്.
തിരിച്ചുവരവിന് ഒരുങ്ങുന്ന സമയത്ത് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയാൽ മാത്രമേ മലയാള സിനിമയിലേക്ക് എത്തൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നോ ?
അങ്ങനെയല്ല. നല്ല കഥാപാത്രത്തിലൂടെ തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു അമ്മ, റിട്ടയര്‍ഡ് പ്രിൻസിപ്പൽ, ജീവിതം പൊരുതി നേടുന്ന സ്ട്രോങ്ങ് വിമെൻ എന്നിങ്ങനെയുള്ളത് സിനിമ ഒക്കെ പറയാനുള്ള കാരണങ്ങളായി. പിന്നെ ഇത്രയും സുന്ദരിക്കുട്ടികളായ മക്കളുടെ അമ്മ എന്നതും, സിനിമയ്ക്കു പിറകിലുള്ള ആ വലിയ ടീമും എനിക്കിത് ഒഴിവാക്കാതിരിക്കാനുള്ള കാരണങ്ങളായി.
യഥാർത്ഥ ജീവിതത്തിലും അമ്മ, അത് ഈ കഥാപാത്രവുമായി ഇഴകിച്ചേരാന്‍ സഹായകമായോ ?
അത് ശരിക്കും സഹായകമായിരുന്നു. ഒരു അമ്മയുടെ വികാരങ്ങൾ മനസ്സിലാക്കാൻ എനിക്കത് സഹായകമായി. ഏകദേശം അതേ പ്രായത്തിലുള്ള മകൾ ഉള്ളത് കൊണ്ട് ആ ഫീലിങ്ങിലേക്ക് പെട്ടെന്ന് എത്താൻ പറ്റി. യഥാര്‍ത്ഥ ജീവിതത്തില്‍ മാത്രമല്ല സിനിമയിലും രണ്ടു സുന്ദരിക്കുട്ടികളുടെയും അമ്മയാകാമല്ലോ. അതൊരു വലിയ സന്തോഷമായി.
സിനിമയില്‍ ശക്തമായ ഒരുപാട് സീനുകളുണ്ട്. എങ്കിലും ഏറ്റവും എഫര്‍ട്ട് എടുത്ത് ചെയ്ത സീന്‍ ഏതാണ് ?
പലതുമുണ്ട്. കോടതി രംഗങ്ങൾ അടക്കം. ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി ഡിജോയ്ക്കും ടീമിനും ഒരു കാര്യത്തിലും കൺഫ്യൂഷനില്ല. സിനിമയിലെ ഓരോ കഥാപാത്രങ്ങളിലും നിന്ന് എന്താണ് വേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. വളരെ പ്ലാനിംഗോടെയാണ് അവർ സിനിമ തുടങ്ങിയത്. ഓരോ കഥാപാത്രവും എങ്ങനെ സംസാരിക്കും, നടക്കും, എങ്ങനെ പ്രത്യക്ഷപ്പെടണം എന്നൊക്കെ ഡിജോ കൃത്യമായി മനസ്സിൽ കണ്ടിരുന്നു. അത് കാണിച്ചും തന്നിരുന്നു. വല്ലാത്തൊരു എനർജി ആണ് ഡിജോയ്ക്ക്.
ഞാൻ പണ്ടുമുതലേ ഒരു ഡയറക്ടർ ആർട്ടിസ്റ്റ് ആണ്. സംവിധായകൻ എന്നോട് പറയുന്നത് അതെ രീതിയിൽ അബ്സോര്‍ബ് ചെയ്താണ് ഞാൻ സ്ക്രീനിൽ അവതരിപ്പിക്കാറുള്ളത്. ഇത്രയും നീറ്റായി, ക്ലീനായി ഒരു കഥാപാത്രത്തെ വിവരിച്ചു തരുമ്പോള്‍ എനിക്കു കൺഫ്യൂഷൻ ഇല്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞു. ആ സിനിമയിൽ പൃഥ്വി ഒക്കെ അഭിനയിക്കുന്നത് കാണുമ്പോൾ ഐ ഫീൽ സോ കണക് റ്റെഡ്. ഞാനത് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. സുരാജ് ചെയ്ത കഥാപാത്രമൊക്കെ വളരെ എഫക്ടീവാണ്. മംമ്തയാണെങ്കിലും വളരെ സുന്ദരിയാണ്. വളരെ കാലിബറുള്ള, ആത്മവിശ്വാസമുള്ള വില്‍പവറുള്ള അഭിനേത്രി.
അതിൽ ചെറിയ വേഷങ്ങൾ ചെയ്തവര്‍ പോലും വളരെ ശ്രദ്ധിക്കപ്പെട്ടു. സൂരാജിന്റെ മകനായി എത്തിയ കുട്ടി, വില്ലന്മാരായി എത്തിയ നാലു പേര്‍, കുറച്ച് സെക്കന്റുകള്‍ മാത്രം പ്രത്യക്ഷപ്പെട്ടവര്‍ പോലും പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതാണ് ആ സിനിമയുടെ വിജയം.
പൃഥ്വിയുടെ കഥാപാത്രത്തോട് ദേഷ്യം തോന്നിയിരുന്നു ?
ഇല്ല. അതൊരു കഥാപാത്രമാണെന്ന് ഉള്ളില്‍ അറിയാമല്ലോ. പൃഥ്വി ചെയ്ത സീനുകള്‍ ലൈവായി നേരിട്ട് കണ്ട് ഞാന്‍ ആസ്വദിക്കുകയായിരുന്നു. പൃഥ്വിയുടെ അഭിനയം, വോയിസ് മോഡുലേഷന്‍, ഇമോഷണലായി പറയുന്ന സംഭാഷണങ്ങള്‍ ഒക്കെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. ഞാനത് പൃഥ്വിയോട് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. ‘ചോക്ലേറ്റ്’ സിനിമയ്ക്കു ശേഷം ഞാനും പൃഥ്വിയും ഈ സിനിമയിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആ അഭിനേതാവില്‍ വന്ന മാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ‘ചോക്ലേറ്റി’ല്‍ ഞാന്‍ കാണുമ്പോള്‍ വളരെ യൂഷ്വലായ നടനായിരുന്നു പൃഥ്വി. അതിലെ രാജുവിന്റെ കഥാപാത്രവും അങ്ങനെയാണ്. കൊറോണ കാലത്ത് ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ടിരുന്നു. പല അഭിനേതാക്കളുടെയും വളര്‍ച്ച കണ്ടിട്ടുണ്ട്. അതില്‍ രാജുവിന്റെ മാറ്റവും കണ്ടിരുന്നു. ‘ചോക്ലേറ്റി’ല്‍ നിന്ന് ‘ജനഗണമന’യിലേക്ക് എത്തുമ്പോള്‍ രാജുവിന്റെ വളര്‍ച്ച ശരിക്കും അത്ഭുതപ്പെടുത്തി. ഹി ഈസ് എ ബ്രില്ല്യന്റ് ആക്ടര്‍.
സംവിധായകന്‍ ഡിജോയെക്കുറിച്ചും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെക്കുറിച്ചും പറഞ്ഞാല്‍ ?
ഡിജോ വളരെ കൃത്യമായി സിനിമയെക്കുറിച്ച് പഠിച്ചതാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ലൊക്കേഷനില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അവരിലെല്ലാം ഡി ജോയുടെ മുഖമാണ് കാണാന്‍ കഴിഞ്ഞത്. വല്ലാത്തൊരു എനര്‍ജിയാണ് ഡിജോയ്ക്ക്. സിനിമയുടെ ഓരോ പോയിന്റിനെക്കുറിച്ചും ഡിജോ എന്ന സംവിധായകന് നല്ല അവബോധമാണ്. ഒരു കണ്‍ഫ്യൂഷനും ഒരു കാര്യത്തിലുമില്ല.
അതുപോലെ എടുത്തു പറയേണ്ടതാണ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ലൊക്കേഷനിലെത്തിയാല്‍ ഷാരിസ് ഒന്നും മിണ്ടില്ല. എല്ലാവരെയും നിശബ്ദമായി വീക്ഷിക്കും, വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കും. അങ്ങനെയൊരു ആളിന്റെ ഉള്ളില്‍ നിന്നാണ് ബോംബ് പൊട്ടുന്ന പോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകുന്നത് എന്നതോര്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നും. ഇത്രയും കാലിബറുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.
സിനിമകളില്‍ വന്നസമയത്തുള്ള കാലഘട്ടവുമായി ഇപ്പോഴത്തെ ജെനറേഷന്‍ സിനിമകളില്‍ വ്യത്യാസം വന്നിട്ടുണ്ടോ ?
എന്റെ അഭിപ്രായം പറയുകയാണെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് അഭിനേതാക്കള്‍ ഒരേയൊരു കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. അഭിനയം മാത്രമായിരുന്നു അന്നത്തെ കോണ്‍സെന്‍ട്രേഷന്‍. എന്നാല്‍ ഇന്നത്തെ ജനറേഷന്‍ അങ്ങനെയല്ല. അവരെല്ലാം മള്‍ട്ടി ടാലന്റഡാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അവര്‍ ശ്രദ്ധ കൊടുക്കും. ചലഞ്ചായി ഏറ്റെടുത്ത് എല്ലാത്തിനെക്കുറിച്ചും പഠിക്കും. ഗഹനമായി പഠിച്ച് അതിലൂടെ സിനിമയെക്കുറിച്ച് കൂടുതലറിയും. അഭിനയത്തെക്കാളുപരി എല്ലാ മേഖലകളിലും പരിചിതത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളത്. എനിക്കതാണ് ഇഷ്ടപ്പെട്ടിട്ടുള്ളത്.
സിനിമയിലെ തുടക്കം ശിവജി ഗണേശനോടൊപ്പം, മലയാളത്തില്‍ പ്രേംനസീറിനാപ്പം... ആ കാലത്തെ കുറിച്ച് പറഞ്ഞാല്‍ ?
വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ സിനിമയില്‍ വന്നതാണ്. എന്റെ അമ്മമ്മ പ്രശസ്തയായ കന്നഡ അഭിനേത്രി രാമദേവിയാണ്. ഞാന്‍ സിനിമയിലെത്തണമെന്ന് അമ്മമ്മയുടെ ആഗ്രഹമായിരുന്നു. സ്കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ശിവാജി സാറിനൊപ്പം അഭിനയിക്കുന്നത്. പിന്നീട് മലയാളത്തില്‍ പ്രേംനസീറിനൊപ്പവും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. എനിക്ക് ആ കാലഘട്ടത്തെക്കുറിച്ച് നേരിയ ഓര്‍മ്മകളേ ഉള്ളൂ.
എങ്കിലും ഇത്രയും വലിയ ലെജന്‍ഡറി അഭിനേതാക്കള്‍ക്കൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു. പിന്നീട് മലയാളത്തിലെത്തുന്നത് പത്മരാജന്‍ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ ഓഫര്‍ വരുന്ന സമയത്ത് ഞങ്ങള്‍ക്ക് മലയാള സിനിമ എന്താണെന്നു പോലുമറിയില്ല. എന്റെ അമ്മമ്മയ്ക്ക് ഞാന്‍ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ തിളങ്ങണമെന്നു മാത്രമായിരുന്നു ആഗ്രഹം. അന്നൊന്നും അഭിനയിക്കുക എന്നത് എന്റെ പാഷനായിരുന്നില്ല. പിന്നീട് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തതോടെ സിനിമ തന്നെയാണ് എന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു.
പത്മരാജന്റെ സിനിമയിലൂടെ തുടങ്ങുക മാത്രമല്ല, ഏകദേശം നാലു സിനിമകളില്‍ അദ്ദേഹം പിന്നീട് കാസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ ?
പപ്പേട്ടന്‍ എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ വരുന്ന സമയത്ത് മലയാള സിനിമകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. മലയാള സിനിമകള്‍ എന്നു കേള്‍ക്കുമ്പോള്‍ അന്ന് ഞങ്ങളുടെ സ്ഥലത്ത് റിലീസ് ചെയ്തിരുന്നത് മറ്റൊരു തരത്തിലുള്ള സിനിമകളാണ്. അത്തരം സിനിമകള്‍ കാണാന്‍ ഞങ്ങള്‍ പോയിട്ടുമില്ല. അതുകൊണ്ട് ഓഫര്‍ വന്ന സമയത്ത് ഞങ്ങള്‍ക്ക് ഒക്കെ പറയാന്‍ പേടിയായിരുന്നു. പക്ഷേ പപ്പേട്ടന്‍ ഞങ്ങളുടെ അഭിപ്രായങ്ങളൊക്കെ കീഴ് മേല്‍ മറിച്ചു. നല്ല സിനിമകള്‍ എന്താണെന്ന് അദ്ദേഹം കാട്ടിത്തന്നു. ഇതുവരെ ആരും പറയാത്ത ഒരു നറേഷനായിരുന്നു പപ്പേട്ടന്‍ എന്നെ ആദ്യമായി അവതരിപ്പിച്ച സിനിമ.
അന്ന് അങ്ങനെയൊരു സ്ത്രീ സൗഹൃദം ആരും ചിന്തിക്കാത്തതാണ്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള തീവ്രമായ സൗഹൃദത്തെക്കുറിച്ചാണ് പപ്പേട്ടനതില്‍ പറഞ്ഞത്. അതല്ലാതെ വേണ്ടാത്ത ഒന്നും ആ സിനിമയില്‍ പറയുന്നില്ല. ഇപ്പോള്‍ ഈ കാലഘട്ടത്തിലാണ് ആ സിനിമയ്ക്ക് മറ്റൊരു വേര്‍ഷനും അര്‍ത്ഥതലങ്ങളുമൊക്കെ വരുന്നത്. ശരിക്കും പപ്പേട്ടന്റെ എത്രമാത്രം അഡ്വാന്‍സ്ഡ് തിങ്കിംഗ് ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അന്നാരും അങ്ങനെയൊരു രീതിയില്‍ ആ സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അത്രയും ജീനിയസായ സംവിധായകനാണ് അദ്ദേഹം.
ഇത്രയും വലിയൊരു പ്രതിഭയുടെ നാലു സിനിമകളില്‍ ഞാന്‍ ഭാഗമായി. പപ്പേട്ടന്‍ എനിക്കു തന്ന രണ്ടാമത്തെ സിനിമ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ലൂടെ അവാര്‍ഡും കിട്ടി. അതുമൊരു വലിയ പുണ്യം. വളരെ കൂളായ സംവിധായകനാണ് അദ്ദേഹം. ഒരു പുതുമുഖത്തിനു യാതൊരു ടെന്‍ഷനുമില്ലാതെ അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമാകാം. ടെന്‍ഷന്‍ കൊടുക്കാതെ അഭിനേതാക്കളെ കൊണ്ട് അവരുടെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കുന്ന സംവിധായകന്‍. കഥാപാത്രത്തില്‍ നിന്ന് എന്താണോ അദ്ദേഹം ആഗ്രഹിക്കുന്നത്, അത് അഭിനേതാക്കളില്‍ നിന്ന് അന്തസത്ത ചോര്‍ന്നു പോകാതെ ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹമെന്ന സംവിധായകന്‍ ക്യാമറയ്ക്ക് പിന്നിലുണ്ടെങ്കില്‍ കണ്ണുകെട്ടി വേണമെങ്കിലും നമുക്ക് അഭിനയിക്കാം. ദ ബെസ്റ്റ് എന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. പപ്പേട്ടന്റെ സിനിമകളിലൂടെയുള്ള തുടക്കം പിന്നീടുള്ള എന്റെ കരിയറില്‍ ഒരുപാട് സഹായകമായിട്ടുണ്ട്. പിന്നീട് എനിക്കു കിട്ടിയ നല്ല കഥാപാത്രങ്ങളൊക്കെ ആ തുടക്കം കൊണ്ടാണ്. ഇന്നും അഭിനയിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങളോര്‍ക്കും. സാധനയിൽ എന്നെ നായികയാക്കി മാറ്റിയത് പപ്പേട്ടനാണ്. ഇന്ന് ആ പേര് എന്റെ ഐഡന്റിറ്റിയാണ്. ശരിക്കും എന്റെ ഭാഗ്യം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലൂടെയുള്ള അരങ്ങേറ്റം.
അന്ന് സ്ക്രീനിലെത്തിയിരുന്ന ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ന് അന്യമാകുന്നു എന്ന് തോന്നുന്നുണ്ടോ ?
അങ്ങനെ പറയാനാവില്ല. ട്രെന്‍ഡ് ശരിക്കും മാറി വരുന്നുണ്ട്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് സിനിമകളുടെ ട്രെന്‍ഡ് മാറുന്നത്. ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ വരുന്നുണ്ട്. പുരുഷ കേന്ദ്രീകൃതമാണ് സിനിമയെന്ന് പൂര്‍ണ്ണമായും പറയാനാവില്ല. മഞ്ജുവാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരടങ്ങുന്ന താരങ്ങള്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്നുണ്ട്. സ്ത്രീ അഭിനേതാക്കള്‍ക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നുണ്ട്.
വെള്ളാരം കണ്ണുകള്‍ തന്നെയാണോ സിനിമയിലേക്ക് എത്താനുള്ള കാരണം ?
മലയാള സിനിമയിലേക്ക് എത്താനുള്ള കാരണമതാണ്. പപ്പേട്ടന്‍ എന്റെ ഈ കണ്ണുകള്‍ കണ്ടിട്ടാണ് കാസ്റ്റ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ നടിമാർ ഇല്ലാത്തതു കൊണ്ടല്ല താൻ വന്നതെന്നും മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് വേഗമെത്താൻ കണ്ണുകള്‍ സഹായിക്കുമെന്ന് പപ്പേട്ടന്‍ പറഞ്ഞു. കണ്ണുകളാണ് എനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ തന്നത്. എന്നാല്‍ അതേ സമയം തമിഴില്‍ ഈ കണ്ണുകള്‍ നായികയ്ക്ക് ചേരില്ല എന്നായിരുന്നു അവരുടെ പക്ഷം. നെഗറ്റീവ് കഥാപാത്രങ്ങള്‍ക്കാണ് ഈ കണ്ണുകള്‍ ഇണങ്ങുക എന്നാണവര്‍ പറഞ്ഞത്. ലൈറ്റ് നിറമുള്ള കണ്ണുകള്‍ കൊണ്ട് പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്താല്‍ റീച്ചാവില്ല എന്നായിരുന്നു അവരുടെ നിലപാട്.
കറുത്ത ലെന്‍സ് വച്ചാണ് ഞാനവിടെ അഭിനയിച്ചിരുന്നത്. എന്നാല്‍ അതിനെ മറി കടന്ന് ഈ കണ്ണുകളിലൂടെ തന്നെ ഞാന്‍ പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഞാന്‍ പ്രൂവ് ചെയ്ത ശേഷം തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നു തുടങ്ങി.
ആദ്യ സിനിമയിലെ സഹതാരം കാര്‍ത്തികയുമായുള്ള സൗഹൃദം ?
എനിക്കന്നുമിന്നും സിനിമാസൗഹൃദങ്ങള്‍ കുറവാണ്. കാര്‍ത്തികയുമായി ഇന്നും അടുപ്പമുണ്ട്. എന്നും വിളിക്കാറില്ലെങ്കിലും വിശേഷാവസരങ്ങളില്‍ പരസ്പരം സംസാരിക്കാറുണ്ട്. ജന ഗണ മനയ്ക്കു ശേഷം വിളിച്ചിട്ടില്ല. എങ്കിലും ആ സൗഹൃദം ഇപ്പോള്‍ നന്നായി തന്നെ നിലനില്‍ക്കുന്നു.
മോഹൻലാൽ, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള ഒരു നായിക വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമോ ?
അത് നിര്‍മ്മാതാക്കളും സംവിധായകരുമല്ലേ തീരുമാനിക്കുന്നത്. പിന്നെ അവര്‍ക്കൊപ്പം നായികയായി വരുക എന്നതൊക്കെ ആഗ്രഹിക്കുന്നത് തന്നെ ഇത്തിരി കടന്ന കൈയാണ് എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയൊരു ചിന്തയില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടണം, അഭിനേത്രി എന്ന നിലയില്‍ പ്രൂവ് ചെയ്യണം. അ ത്രേയുള്ളു ആഗ്രഹം.
ജനഗണമന സ്വീകരിച്ച പ്രേക്ഷകരോട് പറയാനുള്ളത് ?
പിന്തുണയും സ്നേഹവും തന്നതിന് നന്ദി. നല്ല സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ജനഗണമന. സ്ക്രിപ്റ്റ്, സംഭാഷണം, അഭിനേതാക്കള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു. അതിന് ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ ?
അതാണ് ശരിക്കും ഇന്നും ഇവിടെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഇടവേളയെടുത്തത്. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിയെത്തിയതില്‍ കൂടുതല്‍ സന്തോഷിക്കുന്നതും അവളാണ്. എന്റെയൊരു സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ എന്നെക്കാളേറെ എക്സൈറ്റഡായത് അവളാണ്. അവള്‍ക്ക് സിനിമാ മേഖലയോട് വലിയ താത്പര്യമില്ല. ബിസിനസ്സാണ് ഇഷ്ടം. എങ്കിലും അവള്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമാണ്. നല്ല പ്രശസ്തി, പേര്, സ്നേഹം, കംഫര്‍ട്ട് എന്നിവയെല്ലാം കിട്ടുന്ന മറ്റൊരു പ്രൊഫഷനുമില്ല. സിനിമാമേഖലയെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്, അതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം വരും. പക്ഷേ സിനിമാകുടുംബത്തില്‍ നിന്നു വന്നതു കൊണ്ട് എനിക്കങ്ങനെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടില്ല. ഇന്നും അഭിനേത്രി എന്നു പറയുന്നത് എനിക്ക് അഭിമാനമാണ്.
സ്വപ്ന കഥാപാത്രം ?
ഞാനിതു വരെ മലയാളത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്തിട്ടില്ല. അത്പോലെ ഒരു നര്‍ത്തകിയുടെ വേഷവും ചെയ്തിട്ടില്ല. അതു രണ്ടും ചെയ്യണമെന്നുണ്ട്. അന്യഭാഷകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എങ്കിലും മലയാളത്തോട് ഒരു പ്രത്യേക സ്നേഹമാണ്. നല്ല സംവിധായകരുടെ കഥാപാത്രങ്ങള്‍ ചെയ്തതും, പേരും പ്രശസ്തിയുമൊക്കെ കിട്ടിയതും എനിക്ക് മലയാളത്തില്‍ നിന്നാണ്. ആ അടുപ്പവും സ്നേഹവും കേരളത്തോടുണ്ട്.