റായ്പൂര്‍: സുഖ്മ ആക്രമണത്തിന് പ്രതികാരമായി 50 മാവോയിസ്റ്റുകളെ കൊല്ലുമെന്ന് രക്ഷപെട്ട സി.ആര്.പി.എഫ് ജവാന്. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാറാണ് ഇക്കാര്യം പറഞ്ഞത്. ചികിത്സ കഴിഞ്ഞിറങ്ങിയാല്‍ ഉടന്‍ തിരിച്ചടിക്കാന്‍ തയ്യറാണെന്ന് മഹേന്ദ്ര കുമാര്‍ പറഞ്ഞു.
വനമേഖലയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായതെന്ന് മഹേന്ദ്ര കുമാര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണത്തിന് സുരക്ഷ നല്കുകയായിരുന്ന സി.ആര്.പി.എഫ് സംഘം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘം ഇരുന്ന സ്ഥലത്ത് ഇടത് വശത്ത് നിന്നുമാണ് ആക്രമണമുണ്ടായതെന്ന് മഹേന്ദ്ര കുമാര്‍ പറഞ്ഞു.
സി.ആര്.പി.എഫ് തിരിച്ചടി തുടങ്ങിയതോടെ മാവോയിസ്റ്റ് സംഘം മൂന്നായി തിരിഞ്ഞ് ആക്രമണം മുന്ന് ദിശയില്‍ നിന്നുമാക്കി. ഒരു സംഘം നേരെ മുന്നില്‍ നിന്നും ആക്രമിച്ചപ്പോള്‍ മറ്റ് രണ്ട് സംഘങ്ങള്‍ ഇടത്, വലത് വശങ്ങളില് നിന്നും ആക്രമിച്ചു. സി.ആര്.പി.എഫിന്റെ പ്രത്യാക്രമണത്തില്‍ 25-30 മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു.
ഉരത്തില്‍ വെടികൊണ്ടാണ് മഹേന്ദ്ര കുമാറിന് പരുക്കേറ്റത്. ബോധം തെളിയുമ്പോള്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. പശുവിനെ തീറ്റിക്കാന്‍ എത്തിയയാളാണ് മാവോയിസ്റ്റുകള്‍ക്ക് വിവരം കൈമാറിയതെന്ന് സംശയിക്കുന്നതായി ആക്രമണത്തില്‍ നിന്നും രക്ഷപെട്ട മറ്റൊരു ജവാന് പറഞ്ഞു. സി.ആര്.പി.എഫിന്റെ കൈവശമുണ്ടായിരുന്ന എല്ലാ ആയുധങ്ങളും മാവോയിസ്റ്റുകളുടെ കൈവശവും ഉണ്ടായിരുന്നു.






