
ആലപ്പുഴ: നഗരത്തിൽ പെയ്ത കനത്ത മഴയ്ക്കിടെ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
കനത്ത മഴയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ബോബച്ചൻ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാത്രിയായതിനാലും കനത്ത മഴയായതിനാലും അപകട വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് നാട്ടുകാർ ഓടയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപകടം നടന്ന ഓടയ്ക്ക് കൈവരികളോ സ്ലാബുകളോ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






