
ന്യൂഡല്‍ഹി: പുനര്‍നിയമന പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് സെന്‍കുമാര്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര് കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ഡിജിപി സ്ഥാനത്ത് നിന്നും തന്നെ നീക്കിയപ്പോള്‍ നഷ്ടപ്പെട്ട കാലാവധി തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി പുനര്‍നിയമന കേസില്‍ നേരത്തേ കര്‍ണാടകാ ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ നിയമിക്കണമെന്ന ഉത്തരവ് വന്നിട്ടും ലോക്നാഥ് ബെഹ്റ തല്‍സ്ഥാനത്ത് തുടരുന്നതില്‍ കഴിഞ്ഞ ദിവസം തന്നെ സെന്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ജൂണ്‍ 30 ന് സെന്‍കുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സെന്‍കുമാറിനെ പഴയ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. മെയ് ഒമ്പതിന് കോടതി അവധിക്കായി പിരിയും ഇതു കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിലപാടിനെതിരേ സെന്‍കുമാര്‍ വേഗത്തില്‍ സമീപിച്ചിരിക്കുന്നത്. വിധി നടപ്പാക്കുമെന്ന് നേരത്തേ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയൂം നേരത്തേ പറഞ്ഞിരുന്നു.






