
അലമാര എന്ന സിനിമയിലൂടെ നായികയായി തിളങ്ങുന്ന അദിതിയുടെ പറഞ്ഞുതീരാത്ത വിശേഷങ്ങളിലൂടെ...
ശലഭമായ് മലയാള സിനിമയിലേക്ക് പറന്നിറങ്ങിയ പെണ്‍കുട്ടി, അദിതി രവി. മോഡലിംഗിലൂടെ ക്യാമറയ്ക്ക് മുമ്പിലെത്തിയപ്പോഴും അദിതിയുടെ മനസ്സിലെന്നും സിനിമയായിരുന്നു.
സിനിമയില്‍ ചെറിയ റോളുകള്‍ കിട്ടിയപ്പോഴൊക്കെ അദിതി കണ്ട സ്വപ്നം ഇപ്പോള്‍ പൂവണിഞ്ഞു. അലമാര എന്ന സിനിമയിലൂടെ നായികാപദത്തിലെത്തിയ അദിതിയുടെ സിനിമാ സ്വപ്നങ്ങള്‍ക്കൊപ്പം.
അലമാരയുടെ വിശേഷങ്ങള്‍?
സിനിമ റിലീസ് ചെയ്തശേഷം നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് പലരും വിളിച്ചു. സ്ത്രീകള്‍ക്കൊക്കെ സിനിമ ഇഷ്ടമാകും എന്നേ ഞാന്‍ കരുതിയുള്ളു. എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.
നായികയായി സിനിമയിലെത്തിയപ്പോള്‍?
ഓഡീഷനിലൂടെയാണ് ഞാന്‍ അലമാര സിനിമയിലെത്തിയത്. മിഥുന് മാനുവല്‍ തോമസിന്റെ സിനിമയിലേക്ക് നായികയ്ക്കുള്ള ഓഡീഷന് നടക്കുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ബയോഡേറ്റയും ഫോട്ടോയും അയച്ചു.
ഓഡീഷന് പോകുമ്പോഴും വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. സെലക്ട് ചെയ്തപ്പോഴും സിനിമയെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല. പിന്നീട് വിളിച്ച് സ്ക്രിപ്റ്റ് വായിക്കാന്‍ തന്നു. അലമാര എന്ന പേര് കേട്ടപ്പോള്‍ ആദ്യമൊരു കൗതുകമാണ് തോന്നിയത്.
കഥ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, കാരണം മലയാളത്തില്‍ പല സിനിമകളിലും നായികയ്ക്ക് പ്രാധാന്യം കുറവാണ്.
അലമാരയില്‍ നായകനൊപ്പം തന്നെ പ്രാധാന്യമുള്ള റോളാണ് എന്റേത്. സ്വാതി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കുടുംബത്തെയും ഭര്‍ത്താവിനെയും സ്നേഹിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് സ്വാതി.
സഹതാരങ്ങളുടെ പിന്തുണ?
രഞ്ജി പണിക്കരും സണ്ണിവെയ്നും എല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. സെറ്റ് ഒരു കുടുംബം പോലെയായിരുന്നു. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാവരേയും മിസ് ചെയ്യുന്നുണ്ട്.
അമ്മയായി അഭിനയിച്ച മഞ്ജു ചേച്ചിയും(മഞ്ജു സതീഷ്) അമ്മായിഅമ്മയായി അഭിനയിച്ച സീമചേച്ചിയുമൊക്കെ സീനിയറായ അഭിനേതാക്കളാണ്. ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്.
സാധാരണ വീട്ടമ്മമാരെപ്പോലെയാണ് അവര്‍. അവരുടെയൊക്കെ ലൈഫ് സ്റ്റൈല്‍ വ്യത്യസ്തമായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ ധാരണ മാറി.
അഭിനയത്തിനൊപ്പം വീട്ടമ്മയായും ഭാര്യയായും അമ്മയായും ജീവിക്കുന്ന ഓള് റൗണ്ടേഴ്സാണ് മഞ്ജുചേച്ചിയും സീമ ചേച്ചിയും. അവര്‍ രണ്ടുപേരും സെറ്റില്‍ എനിക്ക് അമ്മമാരെപ്പോലെയായിരുന്നു.
മോഡലിംഗിലേക്ക്?
കോളജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തില്‍ അഭിനയിക്കാനായി ഫോട്ടോ അയച്ചത്. ഫോട്ടോ കണ്ട് സെലക്ട് ചെയ്തു.
ആ പരസ്യം ചെയ്യുന്ന സമയത്താണ് നീരജ് മാധവിനെ പരിചയപ്പെടുന്നത്. ആദ്യത്തെ കുറച്ച് പരസ്യങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നല്ല അവസരങ്ങളും കിട്ടി.
സൈഡ് റോളുകളില്‍ നിന്ന് സിംഗിള്‍ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി. റാംപ് ഷോകള്‍ക്കൊക്കെ വിളിക്കാറുെണ്ടങ്കിലും എനിക്കതിനോടൊന്നും താല്പര്യമില്ല. അഭിനയമാണെന്റെ പാഷന്.
പരസ്യ ചിത്രങ്ങളിലൂടെയാണോ ശ്രദ്ധിക്കപ്പെട്ടത്?
രാംരാജ്, കല്യാണ്‍ സില്‍ക്സ്, ധാത്രി ബ്രാന്‍ഡുകളുടെ പരസ്യങ്ങളൊക്കെ ചെയ്തു. ഇപ്പോഴും ആളുകളെന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല. സ്ക്രീനില്‍ കാണുന്നതുപോലെയല്ല നേരിട്ടു കാണുമ്പോള്‍ എന്ന് പലരും പറയാറുണ്ട്.
ചില പരസ്യങ്ങളൊക്കെ കണ്ടിട്ട് അതില്‍ അഭിനയിച്ച കുട്ടിയെപ്പോലെയുണ്ടല്ലോ എന്ന് പറയുമ്പോള്‍ ചെറിയ ചമ്മലൊക്കെ തോന്നും. ആളുകള്‍ കുറച്ചെങ്കിലും എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് യേ ലവ്വ് എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്.
അഭിനയതാല്പര്യമുണ്ടായിരുന്നോ?
ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യമുണ്ട്. എനിക്ക് ശാലിനിയെ ഒരുപാട് ഇഷ്ടമാണ്. ആരാധനയായിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.
ശാലിനി ചേച്ചിയുടെ സിനിമകളൊക്കെ കണ്ട് എനിക്കും അതുപോലെ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അഭിനയിക്കണമെന്നത് വലിയൊരു മോഹമായി മനസ്സില്‍ കൊണ്ടു നടന്നു.
നിറം ഷൂട്ട് ചെയ്ത ക്രൈസ്റ്റ് കോളജില്‍ പഠിക്കണമെന്നതും വലിയൊരു ആഗ്രഹമായിരുന്നു. അതും സാധിച്ചു. നിറത്തിലേതുപോലെ കളര്‍ഫുള്ളായ ക്യാംപസ് ലൈഫായിരുന്നു എന്റേതും.
സംഗീതത്തോടുള്ള താല്പര്യം?
ഞാനും അച്ഛനുമാണ് സംഗീതവുമായി അത്ര അടുപ്പമില്ലാത്തവര്‍. അമ്മ നന്നായി പാടും. ചേട്ടനും സംഗീതവുമായി ബന്ധമുള്ളയാളാണ്. ആസിഫ് അലിയുടെ അനിയന് അഷ്കര്‍ അലി നായകനായ സിനിമയില്‍ സംഗീത സംവിധാനം ചെയ്യുന്നത് ചേട്ടനാണ്. പഠിക്കുന്ന സമയത്ത് ചേട്ടന് കോളേജിനുവേണ്ടി ഒരു ആല്‍ബം ചെയ്തിട്ടുണ്ട്.
എനിക്കും പാട്ട് ഒരുപാട് ഇഷ്ടമാണ്. ഫാമിലി ഫംഗ്ഷനുകളിലൊക്കെ പാടാറുണ്ട്. പാട്ട് കേട്ട് ആരും ഇതുവരെ കൂവിയിട്ടില്ല. എപ്പോഴെങ്കിലും സിനിമയില്‍ പാട്ട് പാടണമെന്ന വലിയൊരു ആഗ്രഹവും മനസ്സിലുണ്ട്. ചെറുപ്പത്തില്‍ നൃത്തവും പഠിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഡാന്‍സ് പ്രോഗ്രാമുകളിലൊക്കെ ആക്ടീവായിരുന്നു.
അഭിനയത്തിനിടയില്‍ പഠനം?
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് ഡിഗ്രി ചെയ്തത്. സിനിമയ്ക്ക് വേണ്ടി ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. ഇനി എം.ബി.എ ചെയ്യണമെന്നുണ്ട്. ഡിസ്റ്റന്‍സായിട്ട് പി.ജി ചെയ്യാനാണ് തീരുമാനം. അഭിനയത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകണം.
അഭിനയമല്ലാതെയുള്ള ഇഷ്ടങ്ങള്‍?
മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അതിനുവേണ്ടി എല്ലാവരേയും നന്നായി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴത്തെ ഹോബിയാണത്. മിമിക്രിയെന്നൊന്നും പറയാന്‍ പറ്റില്ല.
ചിലരുടെ മാനറിസങ്ങളൊക്കെ ശ്രദ്ധിക്കും, അനുകരിക്കാന്‍ ശ്രമിക്കും. സിനിമ കാണുന്നതാണ് പ്രധാന ഹോബി. ഇംഗ്ലീഷ് സിനിമകള്‍ കാണുമെങ്കിലും മലയാള സിനിമകളോടാണ് കൂടുതല്‍ ഇഷ്ടം. ലാലേട്ടനാണ് എന്റെ ഫേവറേറ്റ് നടന്.
സുഹൃത്തുക്കള്‍ക്കിടയിലൊക്കെ സ്റ്റാറായോ?
അങ്ങനെയൊന്നുമില്ല. ഓസ്ക്കര്‍ വാങ്ങിയാലും നീ ഞങ്ങളുടെ പഴയ അദിതി തന്നെയാണെന്നാണ് ഫ്രണ്ട്സ് പറയുന്നത്. ഇപ്പോള്‍ അവരൊക്കെ ഒരുപാട് സന്തോഷിക്കുന്നുണ്ട്. എന്നെ അറിയുന്നവരുടെ ഇടയില്‍ ചെറിയൊരു സ്റ്റാറായതുപോലെ തോന്നുന്നുണ്ട്. ഞാനത് എന്ജോയ് ചെയ്യുന്നുമുണ്ട്.
കുടുംബം?