
ന്യുഡല്‍ഹി: ചത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്.പി.എഫ് സംഘത്തെ ആക്രമിച്ച് 25 പേരെ വധിച്ച സംഭവത്തില്‍ നാല് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ആക്രമണം നടന്ന് പത്തുദിവസത്തിനു ശേഷമാണ് ഇവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. നേരത്തെ ദന്തേവാഡയില്‍ നിന്ന് മൂന്നു പേരെയും സുക്മയില്‍ നിന്ന് 12 പേരെയും അറസ്റ്റു ചെയ്തിരുന്നു.
സുക്മയിലെ ഫൂല്ബദ്രി മേഖലയില്‍ നിന്ന് ബുധനാഴ്ച വൈകിട്ടാണ് മാവോയിസ്റ്റുകളെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടന്ന ബുര്‍കപാലില്‍ നിന്ന് ഏറെ ദൂരയല്ല ഈ സ്ഥലം. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതായി ഇവരില്‍ രണ്ടു പേര് കുറ്റസമ്മതം നടത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കമാന്‍ഡര്‍ ഹിദ്മയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ സമ്മതിച്ചു. മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ പങ്കാളികളാണ്. ഹിദ്മയുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തലാണ് പോലീസ്.
ഏപ്രില്‍ 24നാണ് സി.ആര്.പി.എഫ് സൈനികര്‍ക്കു നേരെ ആക്രമണം നടന്നത്. ഇതിനു ശേഷം സുക്മ വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായി സി.ആര്.പി.എഫും ചത്തീസ്ഗഡ് പോലീസും മറ്റു സേനയും വ്യാപകമായി തെരച്ചിലാണ് നടത്തുന്നത്.






