
മൂലമറ്റം: കുളമാവില്‍ റിസോര്‍ട്ടിനു സമീപത്തെ പടുതാക്കുളത്തില്‍ ഇന്‍ഫോ പാര്‍ക്കിലെ രണ്ടു യുവ എന്‍ജിനീയര്‍മാര്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി തുരുത്തിക്കാട്ടില്പടിയില് സാജന് ബാബു (27), തിരുവല്ല പാറയില്‍ കുറ്റിയില്‍ അന്വിന് ചെറിയാന് (25) എന്നിവരാണു മരിച്ചത്.
ഇവര്‍ കുളമാവിലെ റിസോര്‍ട്ടില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ െവെകിട്ടു നാലോടെയായിരുന്നു സംഭവം. കുളത്തില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
മുങ്ങിത്താഴ്ന്ന ഇവരെ റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെടുത്ത് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റത്തുനിന്നു ഫയര്‍ഫോഴ്സും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയെങ്കിലും അതിനു മുന്‍പേ തന്നെ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.
കാഞ്ഞാര്‍ എസ്.ഐ: പ്രിന്‍സ് മാത്യു, അഡീഷണല്‍ എസ്.ഐ: പി.എം. ഷാജി, കുളമാവ് എസ്.ഐ: കെ.ആര്. ജയശ്രീ, സി.പി.ഒമാരായ രവീന്ദ്രന്, പ്രഭാകരന് എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ടി.ഐ. ടെക്നോളജീസിലെ ജീവനക്കാരായ നാല്‍പ്പതംഗ സംഘത്തിലെ അംഗങ്ങളായിരുന്നു മരിച്ച ഇരുവരും.






