കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പുറത്ത് വിട്ടത് വ്യാജ വീഡിയോയെന്ന് കണ്ണൂര്‍ എസ്.പി ശിവ വിക്രം. ആര്.എസ്.എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ എന്ന പേരിലാണ് കുമ്മനം ഒരു വീഡിയോ പുറത്ത് വിട്ടത്.
എന്നാല്‍ കുമ്മനം പുറത്ത് വിട്ട വീഡിയോയില്‍ കാണുന്ന ആഹ്ളാദ പ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിയില്ലെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ദൃശ്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഹ്ളാദപ്രകടനത്തിന്റേതെന്ന പേരില്‍ പുറത്ത് വന്ന വീഡിയോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പാപ്പിനിശേരിയില്‍ ഇത്തരം പ്രകടനം നടന്നതായി അറിയില്ലെന്ന് ഡി.വൈ.എസ്.പി സദാനന്ദനും വ്യക്തമാക്കി.
കുമ്മനം രാജശേഖരന് പോസ്റ്റ് ചെയ്ത വീഡിയോയും കുറിപ്പും നിമയവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.






