
ഒരു തരത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് നന്ദി പറയണം. ഇന്ത്യയില്‍ ഉടനീളം തൊണ്ടക്കുഴി നനയ്ക്കാന്‍ പോലുമില്ലാതെ കുടിവെള്ളത്തിന്റെ മൂല്യത്തെക്കുറിച്ച് മനുഷ്യനെ ഇരുത്തി ചിന്തിപ്പിച്ച ഇതുപോലെ ഒരു സമയം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല തന്നെ. രൂക്ഷമായ വെള്ള പ്രശ്നം ആള്‍ക്കാരെ പ്രകൃതി ചൂഷണത്തെക്കുറിച്ചുള്ള ഗൗരവ ചര്‍ച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്.
മനുഷ്യന് കുടിക്കാന്‍ വെള്ളം കിട്ടണമെങ്കില്‍ ഭൂമിക്ക് ആദ്യം കുടിക്കാന്‍ കൊടുക്കണമെന്ന കാര്യം പതിയെ മനസ്സിലായി വരികയാണ്. പ്രാദേശികമായി പെയ്യുന്ന മഴയുടെ കേന്ദ്രമായി മാറിയിരിക്കുന്ന കേരളത്തില്‍ മരക്കൂട്ടങ്ങളെ പരിപോഷിപ്പിക്കേണ്ട ചിന്ത വരും കാലത്ത് നിര്‍ണ്ണായകമായി മാറും. വളരെ താഴ്ന്ന് നീങ്ങുന്ന മണ്‍സൂണ്‍ മേഘങ്ങളെ തടഞ്ഞു നിര്‍ത്തി അവിടെ മഴ പെയ്യിക്കുന്ന മരങ്ങള്‍ വെട്ടി നീക്കിയാല്‍ മഴയും രാജ്യം വിട്ടോടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഒരിടത്ത് മഴ പെയ്യുമ്പോള്‍ മറ്റിടത്ത് പെയ്യാതിരിക്കുന്നതിന് ഇത് കാരണമാണെന്ന അവര്‍ ചൂണ്ടിക്കാട്ടുന്നു. മരത്തിന്റെ വേരുകളാകട്ടെ മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി വെള്ളം മണ്ണില്‍ നിലനിര്‍ത്തുന്നതിനും ഭൂമിയിലേക്ക് ഇറങ്ങുന്നതിനും ദീര്‍ഘകാലം ജലത്തെ അവിടെ തന്നെ തടഞ്ഞു നിര്‍ത്തുന്നതിനും സഹായിക്കും. മഴയുടെ നീളം കുടുന്നത് വെള്ളം കൂടുതല്‍ ഇറങ്ങാന്‍ കാരണമാകും. മഴ പെയ്തുമാറിയാലും മരം പെയ്യുന്നതും ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും. തടം വെട്ടി നിര്‍ത്തുന്ന തെങ്ങുകളും മറ്റുമാണ് ഭൂമിയിലേക്ക് വെള്ളം ഇറങ്ങാന്‍ കൂടുതല്‍ സഹായകരമാകുക.
അനുകരിക്കാനുള്ള പ്രവണത മലയാളികളെക്കാള്‍ കൂടുതല്‍ വേരൊടിത്തും കാണില്ല. വീടും പരിസരവും വൃത്തിയായി കിടക്കണമെന്ന ചിന്തിയില്‍ വിദേശികള്‍ മുറ്റത്തും പരിസരത്തും ചെയ്യുന്ന ടൈല്‍ വിരിക്കല്‍ പിന്തുടരുമ്പോള് മലയാളികള്‍ വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങുന്നതിനെ തടയുന്നുണ്ട്. കിണര്‍ ജലത്തെ ആശ്രയിക്കുന്ന മലയാളിയുടെ ജീവിത രീതിക്ക് തികച്ചും എതിരായ നടപടിയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തിലെ 62 ശതമാനം ജനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കിണറിനെയാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 300 കിണര്‍ എന്ന കണക്കുള്ള കേരളത്തില്‍ 100 ചതുരശ്രമീറ്ററില്‍ ചെയ്യുന്ന കോണ്‍ക്രീറ്റിംഗും ടൈല്പാകലും 12,000 ലിറ്റര്‍ ജലം വരെ ഭൂമിയിലേക്ക് ഇറങ്ങുന്നത് തടയുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഇനി മുറ്റം ടൈല്‍ വിരിക്കണമെന്ന് നിര്ബ്ബന്ധമുണ്ടെങ്കില് കിണറിനടുത്ത് വെള്ളം ഇറങ്ങാനുള്ള വിടവോ കുഴിയോ നിര്‍മ്മിച്ച ശേഷം അതിലേക്ക് വെള്ളം എത്തുന്ന വിധത്തിലായിരിക്കണം അത്തരം സംവിധാനം ഒരുക്കേണ്ടതെന്നും പറയുന്നു.






