മലപ്പുറം: റംസാന് നോമ്പ് കാലത്ത് മലപ്പുറത്ത് ഹോട്ടലുകള്‍ തുറക്കാറില്ലെന്ന സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി മലപ്പുറം സ്വദേശി. വേങ്ങര കുളപ്പുറ സ്വദേശി മുഹമ്മദ് ജല്ജാസാണ് സംഘപരിവാര്‍ പ്രചരണത്തെ തെളിവുകള്‍ സഹിതം ഖണ്ഡിച്ചത്. കോഴിക്കോട്-തൃശൂര്‍ ഹൈവേയില്‍ കുളപ്പുറം ജംഗ്ഷന് മുതല്‍ 600 മീറ്റര്‍ ദൂരം ബൈക്കില്‍ സഞ്ചരിച്ച് അതിന്റെ വീഡിയോ പുറത്ത് വിട്ടാണ് ജല്‍ജാസ് സംഘപരിവാര്‍ വാദം പൊളിച്ചത്.
600 മീറ്ററില്‍ തുറന്നു കിടക്കുന്ന ആറ് ഹോട്ടലുകളാണ് ജല്‍ജാസ് തന്റെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇനി ഇതും പറഞ്ഞു കൊണ്ട് സംഘികള്‍ ഇങ്ങോട്ട് വരേണ്ടന്നും ജല്‍ജാസ് കൂട്ടിച്ചേര്‍ത്തു. ഇനി മലപ്പുറത്ത് വരുമ്പോള്‍ ഹോട്ടലുകള്‍ ഒന്നും കണ്ടില്ലെങ്കില്‍ തന്നെ വിളിച്ചാല്‍ വീട്ടില്‍ കൊണ്ടു പോയി ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണം തരാമെന്നും ജല്സാസ് പറഞ്ഞു.
നിങ്ങള്‍ കളിച്ചോ, കേരളത്തില്‍ ആ കളി പോകൂല എന്ന് പറഞ്ഞു കൊണ്ടാണ് ജല്‍ജാസ് തന്റെ ഫെയ്സ്ബുക്ക് വീഡിയോ അവസാനിപ്പിക്കുന്നത്. തിരുരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. അതിനെ പിന്തുണയ്ക്കുന്നില്ല. അതിന്റെ പേരില്‍ മലപ്പുറംകാരെ മുഴുവന്‍ കരിവാരിതേക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ജല്‍ജാസ്.






