
ന്യുഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഇന്ത്യയില്‍ പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പാകിസ്താന് പുറത്തുവിട്ടു. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാകിസ്താന് പറഞ്ഞതിനു പിന്നാലെയാണ് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടുന്നത്. തട്ടാപാനി സെക്ടറില്‍ ഇന്ത്യയുടെ പ്രകോപനത്തിന് മറുപടിയാണ് സൈനികരെ വകവരുത്തിയതെന്നാണ് പാകിസ്താന് പറയുന്നത്. പാക് സേനയിലെ മേജര്‍ ജനറല്‍ അസിഫ് ഗഫൂറിന്റെ ട്വിറ്ററിലാണ് ഞായറാഴ്ച രാവിലെ വീഡിയോ ദൃശ്യമെത്തിയത്.
'നിരപരാധികളായ നാട്ടുകാര്‍ക്കു നേരെയുണ്ടാകുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പാകിസ്താന് സേനയുടെ മറുപടി' എന്ന വിശദീകരണത്തോടെയാണ് വീഡിയോ ക്ലിപ്പിംഗ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്താന് ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.
അതേസമയം, പാകിസ്താന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചു. പാകിസ്താന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്താന് പറയുന്നപോലെ ഇന്ത്യയുടെ വെടിവയ്പില്‍ ആളപായമുണ്ടായിട്ടില്ല. പാകിസ്താന് ഇന്റര്‍ സര്‍വീസസ് പബ്ലിക റിലേഷന്‍സ് പുറത്തുവിട്ട ട്വീറ്റ് തെറ്റാണെന്നും ഇന്ത്യ അറിയിച്ചു.
മേയ് 23ന് നിയന്ത്രണ രേഖകയില്‍ പാകിസ്താന് പോസ്റ്റുകളും ബങ്കറുകളും തകര്‍ത്ത് ശക്തമായ ആക്രമണം ഇന്ത്യ അഴിച്ചുവിട്ടിരുന്നു. അതിര്‍ത്തിവഴി പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ നുഴഞ്ഞുകയറുന്നത് തകര്‍ക്കാനായിരുന്നു ഈ നീക്കം.






