
കോഴിക്കോട് വീണ്ടും സിനിമയുടെ വിളനിലമാകുന്നു. മെയ് എട്ടിന് ചിത്രീകരണം ആരംഭിച്ച 'മാച്ച് ബോക്സ്' എന്ന ചിത്രംകൂടിയായപ്പോള് നാലാമത്തെ ചിത്രമാണിവിടെ നടക്കുന്നത്. ഇടയ്ക്ക് ഒന്നു വിട്ടുനിന്ന സിനിമ ഇപ്പോള്‍ മലബാറിന്റെ പല മേഖലകളിലും സജീവമയി എത്തിയിരിക്കുകയാണ്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന മാച്ച്ബോക്സ് എന്ന ചിത്രത്തിന്റെ ആരംഭംകുറിച്ചത് വെള്ളിപ്പറമ്പിലിലെ ഒരിടത്തരം വീട്ടിലായിരുന്നു. മുരളി ഫിലിംസ് മാധവന് നായരും മേനകയും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കം.
സുരേഷ് കുമാറും മേനകയും ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഉര്‍വ്വശി തിയേറ്റേഴ്സ് സാരഥികളായ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് നല്കി. 'ആനന്ദ'ത്തിലൂടെ ശ്രദ്ധേയനായ വിശാഖും ലെനയുമാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.
ശിവറാം മണി എന്ന നവാഗതനാണ് ഈ ചിത്രത്തിന്റെ സംവിധായകന്. തമിഴ് സിനിമയിലെ എഡിറ്റിംഗ് രംഗത്തും ഷോട്ട് ഫിലിം രംഗത്തും പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ശിവറാം മണി.
ഇരുപത്തിയൊന്നു വയസുകാരായ നാലു ചെറുപ്പക്കാരുടെയും അതിലൊരാളായ അംസുവിന്റെ പ്രണയവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പ്രണയവും സൗഹൃദവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഒരു പ്രണയസാക്ഷാത്കാരത്തിനായി സുഹൃത്തുക്കളും ഒരു നാടും ഒരുപോലെ പരിശ്രമിക്കുന്നു.
യുവത്വത്തിന്റെ എല്ലാ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കി മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ ശിവറാം മണി അവതരിപ്പിക്കുന്നത്.
ആനന്ദം ഫെയിം അഭിനേതാക്കളായ റോഷന്, വിശാഖ് എന്നിവരും പ്രശസ്ത നടന് ജോയ് മാത്യുവിന്റെ മകന് മാത്യുജോയ്, പുതുമുഖം ജോജോണ്‍ ചാക്കോ എന്നിവരുമാണ് ഇതിലെ നാല്‍വര്‍ സംഘത്തെ അവതരിപ്പിക്കുന്നത്.
നായികയായി എത്തുന്നത് ദൃശ്യാ രഘുനാഥാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ദൃശ്യ.
ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് എന്നെ സമീപിച്ച് കഥ പറഞ്ഞു. അതു രസകരമായി തോന്ന.ി. കാലത്തിനനുസരിച്ചുള്ള ഒരു യൂത്തിന്റെ ചിത്രം. ഫുള്‍ തിരക്കഥയുമായിട്ടാണ് ഇവര്‍ സമീപിച്ചത്. കൗതുകകരമായി തോന്നിയതോടെ കമ്മിറ്റ് ചെയ്തു.
പ്രിയദര്‍ശന്റെ ഒരു ചിത്രം തുടങ്ങുന്നുവെന്ന് കേട്ടിരുന്നു?
ഉണ്ട്. ആ സംവിധായകന്റെ നിലയനുസരിച്ചുള്ള താരനിരയുള്ള ഒരു ചിത്രംതന്നെയായിരിക്കും അത്. പ്രിയന് അതിന്റെ എഴുത്തിലാണ്. അതു പൂര്‍ത്തിയാകുന്നതോടെ മറ്റു കാര്യങ്ങളും നിശ്ചയിക്കപ്പെടും. സുരേഷ് കുമാറിന്റെ മറുപടിയായിരുന്നു ഇത്.
അംസു, പാണ്ടി, വക്കന്, കാക്ക എന്നിങ്ങനെ നാലുപേര്‍ ആത്മസുഹൃത്തുക്കള്‍. ഇതില്‍ അംസുവും പാണ്ടിയും കോളജില്‍ പഠിക്കുന്നവരാണ്. വക്കന് ഗള്‍ഫിലേക്കു പോകാന്‍ ഒരുങ്ങിയിരിക്കുന്നു. കാക്കയാകട്ടെ അങ്ങാടിയിലെ കുടുംബവക അരിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കോളജ് വിദ്യാര്‍ത്ഥിനിയായ നിധി എന്ന പെണ്‍കുട്ടിയുമായി അംസു പ്രണയത്തിലായി.
പ്രണയം എന്നത് ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാവുന്നതല്ല. അതിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അത് ഒരു നാടിന്റെ കൂടി പ്രശ്നമാകുന്നിടത്താണ് ചിത്രത്തിന് പുതിയ തലം കൈവരുന്നത്.
റോഷന് അംസുവിനെയും വിശാഖ് പാണ്ടിയെയും മാത്യു ജോയ് വക്കനെയും ജോജോണ്‍ കാക്കയെയും അവതരിപ്പിക്കുന്നു. അശോകന്, ഷമ്മി തിലകന്, ശരത്ത്, ജയപ്രകാശ് കൂളൂര്, സുധീപ്, മുഹമ്മദ് പേരാമ്പ്ര, ശ്രീനി ഡി. നായര്‍ ഗാംഗുലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
നിഖില്‍ ആനന്ദ്, കെന്നി പെറുണ്ണി എന്നിവരുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. ഉദയന്‍ അമ്പാടിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ആര്. രാജ് കുമാര്‍. കലാസംവിധാനം- മഹേഷ് ശ്രീധര്‍, മേക്കപ്പ്- പി.വി. ശങ്കര്‍, കോസ്റ്റിയൂം ഡിസൈന്‍- സുരേഷ് ഫിറ്റ്വെല്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വ്യാസന് സജീവ്, സഹസംവിധാനം- അനൂപ് പി., അശ്വതി, അമല്‍, സനിത്ത്, മനോഹരന്.
സുഹത്തുക്കള്ക്കിടയില് അപ്പി രാധാകൃഷ്ണന് എന്നറിയപ്പെടുന്ന കെ. രാധാകൃഷ്ണനാണ് പ്രൊഡക്്ഷന്‍ കണ്ട്രോളര്. 'നിറം' അടക്കം ഏതാനും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - പ്രതാപന് കല്ലിയൂര്‍, ഓഫീസ് നിര്‍വഹണം- ദില്ലി ഗോപന്.
- വാഴൂര്‍ ജോസ്