ബട്ടിണ്ട: മയക്കുമരുന്ന് കച്ചവടക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കയ്യും കാലും വെട്ടിമാറ്റി. വിനോദ് കുമാര്‍ എന്ന 25കാരനെയാണ് അക്രമാസക്തരായ ജനക്കൂട്ടം തല്ലിക്കൊന്നത്. വിനോദ് കുമാറിന്റെ കൈ വെട്ടി മാറ്റിയ അക്രമി സംഘം ഇയാളുടെ കാല് കഷണങ്ങളായി മുറിച്ചു മാറ്റി.
പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് കുമാര്‍ മരണത്തിന് കീഴടങ്ങി. മയക്കുമരുന്ന് കച്ചവടക്കാരനെന്ന് ആരോപിച്ച് വിനോദ് കുമാറിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഗ്രാമത്തില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് വിനോദ് കുമാറിനെ ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയുടെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. വിനോദ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗ്രാമവാസികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.






