
മീററ്റ്: ഉത്തർപ്രദേശിലെ കുമഹരിയ തഹ് ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം 30 വയസ്സുകാരനായ വ്യാപാരിക്ക് നേരെ ഒരു സിൽവർ മാരുതി ആൾട്ടോ കാറിലെത്തിയ രണ്ട് മുഖംമൂടി ധാരികൾ വെടിയുതിർക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരിയായ നവ്ജോത് സിംഗ് ആക്രമികളിൽ ഒരാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വൈകുന്നേരം 5 മണിയോടെ വെടിയേറ്റ് മരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അമ്മ കമൽ കൗറിന്റെ പ്രണയവിവാഹത്തെ എതിർത്ത മക്കളാണ് കൊലപാതകത്തിനു പിന്നിൽ. ഒരു വർഷം മുമ്പാണ് 49 കാരിയായ കൗർ നവ്ജോതിനെ വിവാഹം ചെയ്തത്. ഇതിന്റെ പ്രതികാരമായി കൗറിന്റെ ആദ്യവിവാഹത്തിലെ ന്യൂസിലൻഡിൽ താമസിക്കുന്ന മക്കളും ബന്ധുവും ചേന്നാണ് കൊലപാതകം നടത്തിയത്. നവ്ജോതിന്റെ പിതാവ് നിഷാൻ സിംഗ് നൽകിയ പരാതിയിൽ, കൗറിന്റെ മക്കളായ അവ്ദീപ്, അദ്ദേഹത്തിന്റെ സഹോദരൻ, അവരുടെ ബന്ധുവായ രാജൻദീപ് എന്നിവരുൾപ്പെടെ ഏഴ് പേരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. നവ്ജോതിനെ കൊലപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
ഒരു വർഷം മുമ്പ് നവ്ജോതുമായി നടന്ന അമ്മ കമൽ കൗറിന്റെ പ്രണയവിവാഹത്തെ ന്യൂസിലാൻഡിലുള്ള മക്കൾ ശക്തമായി എതിർത്തിരുന്നുവെന്ന് നിഷാൻ സിംഗ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് അവ്ദീപ് ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും നിഷാൻ സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ തന്റെ മരുമകൾക്ക് സംരക്ഷണം നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഒളിവിലുള്ള അവ്ദീപും രാജൻദീപും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് അഡീഷണൽ എസ്പി അനുരാഗ് സിംഗ് പറഞ്ഞു. ഇവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മിലാക് ഖാനം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്.







Comments