
തിരുവനന്തപുരം : ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ബാസിത് അലി ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്റര്‍നെറ്റ് വഴി പുറംലോകവുമായി ബന്ധം. ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ പോലീസിന് കിട്ടി.
കോട്ടയത്തെ ക്വട്ടേഷന്‍ സംഘത്തിന് ഇയാള്‍ മെയില്‍ ചെയ്തതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇന്നലെ നടന്ന റെയ്ഡില്‍ ഇയാളുടെ സ്മാര്‍ട്ട്ഫോണും സിംകാര്‍ഡും പോലീസ് കണ്ടെത്തി. ബാസിദ് അലി, ഇതേ കേസിലെ മുഖ്യപ്രതി ഷെറിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ജയിലധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ജയിലില്‍ കഴിയുകയാണെങ്കിലും അനേകം പ്രതികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ബാസിത് അലിക്കൊപ്പം ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അണ്ണന് സിജിത്ത് എന്ന സിജിത് ട്രൗസര്‍ മനോജ്, റഫീക്ക് എന്നീ മൂന്നു പ്രതികളാണ് ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പൂജപ്പുരയിലുളളത്. ഇവര്‍ക്ക് സുഖസൗകര്യങ്ങള്‍ ഏര്പ്പെടുത്തിയെന്നുളള പരാതി നേരത്തെയും ഉയര്‍ന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി അധികൃതര്‍ ജയിലിലെ എട്ട് ബ്ളോക്കിലുമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ആയിരുന്നു മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തത്. ജയില്‍ മേധാവി ആര്. ശ്രീലേഖയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് എസ്. സന്തോഷ് മിന്നല്‍ പരിശോധന നടത്തിയത്. ഇവരുടെ സെല്ലിനുമുന്നില്‍ പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ജയിലില്‍വച്ച് ഇവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് അന്നത്തെ ജയില്‍ മേധാവി അലക്സാണ്ടര്‍ ജേക്കബിന്റെ കസേര തെറിച്ചിരുന്നു. ഈ കേസിലെ മറ്റു പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ. രജീഷ് എന്നിവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
കേസിലെ പ്രതികളെ പ്രത്യേകം പാര്‍പ്പിക്കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവരെ മാറ്റിയത്. ടി.പി. കേസിലെ പ്രതികളെ പൂജപ്പുരയില്‍നിന്ന് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് ജയില്‍ വൃത്തങ്ങള്‍ സൂചന നല്കി.






